കുമരങ്കരിയിൽ അമിത യാത്രക്കാരും തകർന്ന റോഡും കാരണം കെഎസ്ആർടിസി ബസ് ഒരു വശത്തേക്ക് ചെരിഞ്ഞു. നിറയെ യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെടാതെ തലനാരിഴയ്ക്ക് രക്ഷപെട്ടത്.
ഇന്നലെ രാവിലെ 8.30ന് കുമരങ്കരി പൈപ്പ് കലുങ്കിനു സമീപമായിരുന്നു സംഭവം. കാവാലത്ത് നിന്നു ചങ്ങനാശേരിയിലേക്ക് സർവീസ് നടത്തിയ പ്രിയദർശിനി ബസാണ് അപകടത്തിൽ കുടുങ്ങിയത്.
സംഭവസമയത്ത് 147 യാത്രക്കാർ ബസിലുണ്ടായിരുന്നു. പ്രദേശത്ത് നടക്കുന്ന നിർമാണ ജോലികളുടെ ഭാഗമായി റോഡ് പൂർണ്ണമായും തകർന്ന് കിടക്കുകയായിരുന്നു.
കലുങ്കിനു സമീപം എത്തിയപ്പോൾ ബസ് ഒരു വശത്തേക്ക് ചെരിയുകയായിരുന്നു. തുടർന്ന് ബസിന്റെ ബോഡി ടയറിൽ തട്ടി നിൽക്കുകയായിരുന്നു.
യാത്രക്കാർ പരിഭ്രാന്തരായി ബഹളം വച്ചെങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. പിന്നീട് ഇവിടെ വെച്ച് സർവീസ് അവസാനിപ്പിച്ചു.
അമിതമായി യാത്രക്കാർ കയറിയതോടെ ബസിന്റെ പ്ലേറ്റിനു തകരാർ സംഭവിച്ചതായി ഡിപ്പോ അധികൃതർ വ്യക്തമാക്കി. മുളയ്ക്കാംതുരുത്തിയുള്ള വഴിയിലെ സർവീസ് നിലച്ചതോടെ നിലവിൽ പറാൽ – കുമരങ്കരി വഴിയാണ് സർവീസുകൾ നടക്കുന്നത്.
എന്നാൽ കുമരങ്കരിയിൽ കലുങ്കിന്റെ നിർമാണം ഇഴഞ്ഞ് നീങ്ങുന്നതും റോഡ് തകർന്ന് കിടക്കുന്നതും ജനങ്ങൾക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. പടിഞ്ഞാറൻ മേഖല ഒറ്റപ്പെടുമോ എന്ന ആശങ്കയിൽ വെള്ളം കയറില്ലെന്ന് അവകാശപ്പെട്ട് പുനർനിർമിച്ച തുരുത്തി – മുളയ്ക്കാംതുരുത്തി – വാലടി റോഡ് വെള്ളം കയറി തകർന്നു.
പ്രധാന ആശ്രയമായ പറാൽ – കുമരങ്കരി റോഡും പൂർണ്ണമായും തകർന്ന് തരിപ്പണമായിരിക്കുകയാണ്. കുമരങ്കരിയിലെ കലുങ്ക് നിർമാണവും മന്ദഗതിയിലാണ് നീങ്ങുന്നത്.
യാത്രാവഴികൾ പൂർണ്ണമായും ദുരിതത്തിലാകുന്നതോടെ പ്രദേശം വീണ്ടും ഒറ്റപ്പെടുമോ എന്ന ആശങ്കയിലാണ് പടിഞ്ഞാറൻ ജനത. മുളയ്ക്കാംതുരുത്തിയിലെ അപ്രോച്ച് റോഡ് വെള്ളം കയറി തകർന്നതോടെയാണ് നിലവിൽ പറാൽ – കുമരങ്കരി വഴിയെ ആശ്രയിക്കേണ്ടി വരുന്നത്.
കെഎസ്ആർടിസിക്ക് കനത്ത നഷ്ടം റോഡിന്റെ പരിതാപകരമായ അവസ്ഥ കാരണം കെഎസ്ആർടിസിക്കുണ്ടാകുന്നത് വൻ സാമ്പത്തിക നഷ്ടമാണ്. ആക്സിൽ ഒടിഞ്ഞും ടയർ പൊട്ടിയും ഒട്ടേറെ ബസുകളാണ് ദിനംപ്രതി ഷെഡിൽ കയറ്റേണ്ടി വരുന്നത്.
തകർന്ന റോഡിലൂടെയുള്ള സർവീസുകൾ കാരണം ജീവനക്കാർക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ടുകളും പതിവാണെന്ന് ചങ്ങനാശേരി ഡിപ്പോ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

