വനമേഖലയിലൂടെ കടന്നുപോകുന്ന പാലക്കാട് – കോയമ്പത്തൂർ റെയിൽവേ ട്രാക്കിലെ വാളയാർ പുതുപ്പതിയിൽ ട്രെയിൻ ഇടിച്ചു ചരിഞ്ഞതു 11 മാസം മാത്രം പ്രായമായ കുട്ടിക്കൊമ്പനും 16 വയസ്സുള്ള പിടിയാനയുമാണ്. ഇന്നലെ പുലർച്ചെ 12.30നു മംഗളൂരു – ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസാണ് ഇടിച്ചത്.
ലോക്കോ പൈലറ്റിനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. ലോക ഗജദിനമായ ഓഗസ്റ്റ് 12നു പിറ്റേന്നാണു രണ്ട് കാട്ടാനകളുടെ ജീവനെടുത്ത ഈ ദാരുണമായ അപകടം സംഭവിക്കുന്നത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഈ പാതയിൽ ട്രെയിൻ ഇടിച്ചു ചരിഞ്ഞതു മൂന്ന് കാട്ടാനകളാണ്. ഫെബ്രുവരി 4നു വട്ടപ്പാറ മാൻപാർക്കിനു സമീപം ട്രെയിനിടിച്ചു കുട്ടിക്കൊമ്പൻ ചരിഞ്ഞിരുന്നു.
ചാവടിപ്പാറ – പുതുപ്പതി ജനവാസ മേഖല കടന്നെത്തിയ കാട്ടാനകൾ പുതുപ്പതി വനത്തിലെ പുഴയിൽ വെള്ളംകുടിക്കാൻ ബി–ലൈൻ ട്രാക്ക് കടക്കുമ്പോഴാണു ട്രെയിൻ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആന്തരികാവയവങ്ങൾക്കും മസ്തിഷ്കത്തിനുമുണ്ടായ ശക്തമായ ക്ഷതമാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.
പശ്ചിമഘട്ട മലനിരയുടെ ഭാഗമായ ട്രാക്കിൽ 43 കിലോമീറ്റർ വേഗത്തിൽ മാത്രമാണു ട്രെയിൻ സഞ്ചരിച്ചിരുന്നതെന്നും അതിനാലാണ് എൻജിൻ ഭാഗത്ത് ആനകൾ കുടുങ്ങിയിട്ടും ട്രെയിൻ പാളം തെറ്റാതിരുന്നതെന്നും റെയിൽവേ എൻജിനീയറിങ് വിഭാഗം വിലയിരുത്തുന്നു.
അപകടത്തിൽപെട്ട മംഗളൂരു – ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് നാല് മണിക്കൂറിലേറെ വൈകിയാണു യാത്ര തുടർന്നത്.
എ ലൈൻ ട്രാക്ക് മാത്രം ഉപയോഗിച്ചു സിംഗിൾ ലൈനായാണു പുലർച്ചെ വരെ ഈ റൂട്ടിൽ ട്രെയിനുകൾ കടത്തിവിട്ടത്. ഇത് ഇരുവശത്തേക്കുമുള്ള സർവീസുകളെ സാരമായി ബാധിച്ചു.
കൊല്ലം – ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, എറണാകുളം – കാരയ്ക്കൽ ടീ ഗാർഡൻ എക്സ്പ്രസ്, മൈസൂരു – തിരുവനന്തപുരം എക്സ്പ്രസ് തുടങ്ങി 21 ട്രെയിനുകൾ ഒന്നര മണിക്കൂർ മുതൽ 20 മിനിറ്റ് വരെ വൈകിയാണ് ഓടിയത്. അപകടസ്ഥലത്ത് ആനക്കൂട്ടം; ജഡങ്ങൾ മാറ്റിയത് സാഹസികമായി വേഗം കുറവായതിനാലും ലോക്കോ പൈലറ്റ് സമയോചിതമായി ഇടപെട്ടതിനാലുമാണു വലിയൊരു ദുരന്തം ഒഴിവായത്.
എൻജിന് അടിയിലാണ് ആനകളുടെ ജഡം കുടുങ്ങിയിരുന്നത്. 35 മീറ്ററോളം ആനകളുടെ ജഡം ട്രാക്കിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയിട്ടുണ്ട്.
രാത്രി ബി ലൈൻ ട്രാക്കിൽ നിന്ന് ആനകളുടെ ജഡം മാറ്റാൻ ഏറെ പ്രയാസമുണ്ടായിരുന്നു. കുട്ടിയാനയും അപകടത്തിൽപെട്ടതിനാൽ സമീപമേഖലയിൽ ആനക്കൂട്ടം നിലയുറപ്പിച്ചിരുന്നു.
ഏറെ സാഹസികമായാണു റെയിൽവേയിലെയും വനംവകുപ്പിലെയും ഉദ്യോഗസ്ഥ സംഘം ആനകളുടെ ജഡം ട്രാക്കിൽ നിന്നു മാറ്റിയത്. ഇതിനു 100 മീറ്റർ അകലെ തമിഴ്നാട് വനംവകുപ്പിന്റെ മേഖലയായതിനാൽ കോയമ്പത്തൂർ നവക്കര സെക്ഷനിലെ ഇരുപതോളം ഉദ്യോഗസ്ഥരും സഹായത്തിനുണ്ടായിരുന്നു.
പാലക്കാട് ഡിആർഎം മധുകർ റൗത്ത്, സീനിയർ ഡിവിഷനൽ എൻജിനീയർ മുഹമ്മദ് ഇസ്ലാം, സീനിയർ ഡിവിഷനൽ ഇലക്ട്രിക് ഓപ്പറേഷൻ വിഭാഗം എൻജിനീയർ കെ.വിജയകുമാർ, സീനിയർ സേഫ്റ്റി ഓഫിസർ ബെന്നി വർഗീസ്, ഡിഎഫ്ഒ രവികുമാർ മീണ, വാളയാർ റേഞ്ച് ഓഫിസർ ആർ.എസ്.പ്രവീൺ എന്നിവർ സ്ഥലത്തെത്തിയിരുന്നു. വാളയാർ സെക്ഷനിലെ ഉദ്യോഗസ്ഥരും വാച്ചർമാരും തമിഴ്നാട് മധുക്കര റേഞ്ചിനു കീഴിലുള്ള നവക്കര സെക്ഷനിലെ ഉദ്യോഗസ്ഥരും ചേർന്നാണു തുടർനടപടികൾ പൂർത്തിയാക്കിയത്.
സിഗ്നൽ പ്രവർത്തിച്ചില്ല; ലോക്കോ പൈലറ്റിന് അലർട്ട് ലഭിച്ചില്ല പുതുപ്പതിയിൽ കാട്ടാനകളെത്തുന്നതു തിരിച്ചറിയാൻ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും സിഗ്നൽ സംവിധാനം പ്രവർത്തിച്ചിരുന്നില്ല. ഇതോടെ ലോക്കോ പൈലറ്റിന് അലർട്ട് ലഭിച്ചില്ല.
20 മീറ്റർ അകലെ തമിഴ്നാട് വനംവകുപ്പിന്റെ തെർമൽ ക്യാമറയുണ്ടായിട്ടും ആനകളുടെ ദൃശ്യം പതിഞ്ഞില്ല. കേരള വനംവകുപ്പു മരങ്ങൾ മുറിച്ചു മാറ്റാതിരുന്നതിനാലാണു തെർമൽ ക്യാമറയിൽ ദൃശ്യങ്ങൾ പതിയാത്തതെന്നും എലിഫന്റ് ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം ഫലപ്രദമാകാതെ പോയതെന്നും തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
തമിഴ്നാട്ടിൽ എഐ സാങ്കേതികവിദ്യയും റെയിൽവേലിയും വിജയകരമായി നടപ്പാക്കിയപ്പോൾ വാളയാറിനിപ്പുറം വനംവകുപ്പിന്റെ നിസ്സഹകരണം പദ്ധതികളെ സാങ്കേതിക കുരുക്കിലാക്കി. ഇവിടെ റെയിൽ വേലിയും എലിഫന്റ് ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റവും പാതിവഴിയിലാണ്.
തമിഴ്നാട് ട്രാക്കിനിരുവശത്തും റെയിൽവേലി, എലിഫന്റ് ഡിറ്റക്ഷൻ സിസ്റ്റം, എഐ–തെർമൽ ക്യാമറകൾ, അണ്ടർപാസേജ്, അലാം സംവിധാനം, സോളർ മിനി മാസ്റ്റ് ലൈറ്റുകൾ, ഡ്രോൺ നിരീക്ഷണം തുടങ്ങിയ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ വാളയാർ മുതൽ കൊട്ടേക്കാട് വരെ നീളുന്ന റെയിൽവേലി പദ്ധതി വർഷങ്ങൾക്കു മുൻപ് ഉപേക്ഷിച്ചതും കേരളത്തിനു തിരിച്ചടിയായിരിക്കുകയാണ്.
കൊട്ടേക്കാട് മുതൽ വാളയാർ നവക്കര വരെയുള്ള 26 കിലോമീറ്റർ ട്രാക്ക് വനമേഖലയിലൂടെയാണു കടന്നുപോകുന്നത്. കഴിഞ്ഞ 13 വർഷത്തിനിടെ 35 ആനകൾ കഞ്ചിക്കോട്–മധുക്കര വരെയുള്ള ഭാഗങ്ങളിൽ ട്രെയിനിടിച്ചു ചരിഞ്ഞിട്ടുണ്ട്.
എന്നാൽ റെയിൽവേയും വനംവകുപ്പും സംയുക്തമായി പദ്ധതികൾ വിജയകരമായി നടപ്പാക്കിയ തമിഴ്നാട്ടിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു അപകടം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കേരളത്തിലെ പുതുപ്പതിവരെയുള്ള മേഖലയിൽ അപകടങ്ങൾ ആവർത്തിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

