പശ്ചിമേഷ്യയിൽ മാസങ്ങളായി തുടരുന്ന സംഘർഷാവസ്ഥയ്ക്ക് അയവുവരുന്നതായി സൂചന. ഇറാനുമായുള്ള സമാധാന ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി.
സമാധാനത്തിനും സംഘർഷത്തിനും ഒരുപോലെ സാധ്യതയുള്ള നിർണായകമായ വഴിത്തിരിവിലാണ് നിലവിലെ സാഹചര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശനിയാഴ്ച മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി ട്രംപ് വ്യക്തമാക്കിയത്.
കരാർ നിലവിൽ വരുന്നതോടെ ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായ രീതിയിൽ കൈകാര്യം ചെയ്യാനും, ആണവായുധ നിർമ്മാണം പൂർണ്ണമായും തടയാനും സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. അമേരിക്ക മുന്നോട്ടുവെക്കുന്ന നിബന്ധനകൾ പൂർണമായും പാലിച്ചാൽ മാത്രമേ കരാറിൽ ഒപ്പുവെക്കൂ എന്നും ട്രംപ് വ്യക്തമാക്കി.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഇരുപക്ഷവും സമ്മതിക്കുന്നുണ്ടെങ്കിലും, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യത്തിൽ ഇതുവരെ ധാരണയായിട്ടില്ലെന്ന് ഇറാനിയൻ വാർത്താ ഏജൻസി അറിയിച്ചു. നിലവിലെ കരാർ ഒരു രൂപരേഖ മാത്രമാണെന്നും, സാമ്പത്തിക ഉപരോധങ്ങൾ നീക്കുക എന്നത് തങ്ങളുടെ പ്രധാന ആവശ്യമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ആണവ വിഷയങ്ങളിലെ കൂടുതൽ ചർച്ചകൾക്കായി 30 മുതൽ 60 ദിവസം വരെ സമയം ആവശ്യമാണെന്നും ഇറാൻ അറിയിക്കുന്നു. ഇതേസമയം, നയതന്ത്ര ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ ഇറാന് മേൽ ശക്തമായ സൈനിക നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.
കരാർ യാഥാർഥ്യമായില്ലെങ്കിൽ മറ്റു രാജ്യങ്ങൾ നേരിടാത്ത തരത്തിലുള്ള പ്രത്യാഘാതങ്ങൾ ഇറാൻ നേരിടേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഞായറാഴ്ച തന്റെ ഉപദേശകരുമായി കൂടിക്കാഴ്ച നടത്തി കരാറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
ഗൾഫ് മേഖലയിലെ സമാധാനം മുൻനിർത്തി സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഈജിപ്ത്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ കരാറിനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. ആറ് ആഴ്ചകൾക്ക് മുൻപ് പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലിന് ശേഷം, സമാധാന ചർച്ചകളും സൈനിക ഭീഷണികളും ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്ന നയമാണ് അമേരിക്ക നിലവിൽ സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

