കളിക്കുന്നതിനിടെ അബദ്ധത്തിൽ ബാറ്ററി വിഴുങ്ങിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിക്ക് വിദഗ്ധ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി. പെരുമ്പാവൂർ ഒടക്കാലി സ്വദേശികളായ രാജേന്ദ്ര – പുഷ്പലത പാണ്ഡ ദമ്പതികളുടെ മകളായ പ്രിയാൻഷിയാണ് അത്യാസന്ന നിലയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
കളിക്കുന്നതിനിടയിലാണ് കുട്ടി അബദ്ധത്തിൽ ബാറ്ററി വിഴുങ്ങിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ബാറ്ററി പുറത്തെടുത്തെങ്കിലും, അതിലെ രാസവസ്തുക്കൾ കുട്ടിയുടെ അന്നനാളത്തിലും ശ്വാസനാളത്തിലും ഗുരുതരമായ പൊള്ളലേൽപ്പിച്ചിരുന്നു.
തുടർന്ന് ദിവസങ്ങൾക്കകം അന്നനാളത്തിലും ശ്വാസനാളത്തിലും ദ്വാരം രൂപപ്പെടുകയും, കുട്ടി കുടിക്കുന്ന വെള്ളം ശ്വാസകോശത്തിലേക്ക് ഇറങ്ങുന്ന ജീവന് തന്നെ ഭീഷണിയായ സാഹചര്യം ഉടലെടുക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയെ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചത്.
ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷോൺ.ടി.ജോസഫ്ന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രാത്രി ഏറെ വൈകിയും നടത്തിയ അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ അന്നനാളത്തിലെയും ശ്വാസനാളത്തിലെയും ദ്വാരം വിജയകരമായി അടച്ചു.
കാർഡിയോ വാസ്കുലാർ തൊറാസിക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. മനോജ്.പി.നായർ, ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി അസോസിയേറ്റ് കൺസൾട്ടന്റുമാരായ ഡോ.
സൗരഭ് പത്മനാഭൻ, ഡോ. സാറാ മേരി തമ്പി, ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജി അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.
അഭിജിത്ത് ജോർജ്, ലാറിംഗോളജി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. കാരുണ്യ.ആർ.ഗോപാൽ, അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്റ് ഡോ.
കവിത സദൻ, വോയിസ് ആൻഡ് സ്വാലോയിങ് പാത്തോളജിസ്റ്റ് ഹീര തോമസ്, സ്റ്റാഫ് നഴ്സ് ഹൃദ്യ എന്നിവരടങ്ങിയ സംഘമാണ് ഈ വലിയ ചികിത്സാ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്. കഴുത്തിനും നെഞ്ചിനും ഇടയിൽ ഏറെ അപകടകരമായ ഭാഗത്തായിരുന്നു മുറിവെന്നും, ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളും ശ്വസനത്തെ സഹായിക്കുന്ന ഞരമ്പുകളും സ്ഥിതി ചെയ്യുന്നിടത്ത് ശസ്ത്രക്രിയ ചെയ്യുന്നത് ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എന്നും ഡോ.
ഷോൺ ടി. ജോസഫ് വ്യക്തമാക്കി.
ശ്വസനത്തെയും സംസാരശേഷിയെയും സംരക്ഷിക്കുന്ന ഞരമ്പുകൾക്ക് പരിക്കേൽപ്പിക്കാതെ, കുട്ടിയുടെ ശ്വാസനാളത്തെയും അന്നനാളത്തേയും ഏറെ ശ്രദ്ധയോടെ വേർപെടുത്തേണ്ടിയിരുന്നു. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് അതീവ സങ്കീർണാവസ്ഥയെ അതിജീവിച്ച് സർജറി വിജയകരമാക്കാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശസ്ത്രക്രിയയ്ക്ക് ശേഷം ആഴ്ചകളോളം കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ട്യൂബ് വഴിയാണ് ഈ ദിവസങ്ങളിൽ ഭക്ഷണം നൽകിയിരുന്നത്.
കടുത്ത പനിയും ശ്വാസതടസ്സവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ ഇതിനിടയിൽ ഉണ്ടായെങ്കിലും ഡോക്ടർമാരുടെ കൃത്യമായ ഇടപെടലിലൂടെ കുട്ടി പൂർണ ആരോഗ്യവതിയായി ജീവിതത്തിലേക്ക് മടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

