ദേശീയപാത 544ൽ സ്ഥിതി ചെയ്യുന്ന വടക്കഞ്ചേരി മേൽപാലം യാത്രാനിരക്കിലെ അപാകതകളും നിർമാണത്തിലെ അഴിമതിയാരോപണങ്ങളും മൂലം വീണ്ടും പ്രതിസന്ധിയിൽ. 2022ൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത ഈ മേൽപാലം ഇതുവരെ 126 തവണയാണ് വിവിധ അറ്റകുറ്റപ്പണികൾക്കായി കുത്തിപ്പൊളിച്ചു നന്നാക്കിയത്.
എന്നാൽ അടുത്തിടെ പെയ്ത മഴയിൽ പാലത്തിന്റെ ജോയിന്റുകൾ വഴി വെള്ളം ഒലിച്ചിറങ്ങുകയും കോൺക്രീറ്റ് പാളികൾ തകരുകയും ചെയ്തതോടെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. പാലത്തിന്റെ സുരക്ഷയെ മുൻനിർത്തി, പാലക്കാട്ടുനിന്ന് തൃശൂരിലേക്ക് പോകുന്ന ഭാഗത്തെ മൂന്നുവരിപ്പാതയും എതിർദിശയിലെ റോഡിന്റെ ഒരു ഭാഗവും ഇപ്പോൾ പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണ്.
തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നിലവിൽ വടക്കഞ്ചേരി സർവീസ് റോഡ് വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. ഇത് ഈ പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്.
പാലത്തിന്റെ ജോയിന്റുകൾ ചേരുന്ന ഭാഗത്തെ കോൺക്രീറ്റ് പാളികളും ടാറും അടർന്നുവീണതിനൊപ്പം മഴയിൽ സിമന്റ് പാളികളിൽ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. കോൺക്രീറ്റ് സ്ലാബുകൾ പൊട്ടിവീണ നിലയിലാണെന്നും പാലത്തിന്റെ കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നുണ്ടെന്നും യാത്രികർ പറയുന്നു.
ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം ശക്തമായി കുലുങ്ങുന്നതും ജനങ്ങളിൽ ആശങ്ക പരത്തുന്നുണ്ട്. വടക്കഞ്ചേരിയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് മേൽപാലം അടച്ചതിനെ തുടർന്ന് വടക്കഞ്ചേരി റോയൽ ജംക്ഷൻ മുതൽ ഡയാന ജംക്ഷൻ വരെയുള്ള ഭാഗങ്ങളിൽ വലിയതോതിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
സർവീസ് റോഡുകളിൽ ഭാരവാഹനങ്ങൾ നിർത്തിയിടുന്നത് ഇരുവശങ്ങളിൽ നിന്നുമുള്ള വാഹനഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
തങ്കം ജംക്ഷനിലും തൃശൂർ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളും സർവീസ് റോഡ് വഴി എത്തുന്ന വാഹനങ്ങളും കൂടിച്ചേരുന്ന അടിപ്പാതയിലും സ്ഥിതി ഗുരുതരമാണ്. ഉയർന്ന ടോൾ നിരക്കും ദുരിതയാത്രയും പന്നിയങ്കര ടോൾ പ്ലാസയിൽ നിന്ന് ഭരിച്ചുകൂടിയ തുക ഈടാക്കുന്നുണ്ടെങ്കിലും ദേശീയപാതയിലൂടെയുള്ള യാത്ര പൂർണ്ണമായും ഒറ്റവരിയായി ചുരുങ്ങിയിരിക്കുകയാണ്.
ജില്ലാ അതിർത്തിയായ വാണിയമ്പാറ മുതൽ ആരംഭിക്കുന്ന കുരുക്ക് യാത്രക്കാരെ വലയ്ക്കുന്നു. വാണിയമ്പാറ മേൽപാല നിർമാണം നടക്കുന്നതിനാൽ കൊമ്പഴ മുതൽ പന്തലാംപാടം വരെയും, തുടർന്ന് വടക്കഞ്ചേരി മേൽപാലത്തിലും ഒറ്റവരി യാത്രാ സംവിധാനമാണുള്ളത്.
ഇരട്ടക്കുളത്ത് ദേശീയപാതയോരത്തെ പാറ പൊട്ടിക്കലും നിർമാണപ്രവർത്തനങ്ങളും നടക്കുന്നതിനാലും, ആലത്തൂർ സ്വാതി ജംക്ഷൻ, കുഴൽമന്ദം, ചന്ദ്രനഗർ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങൾ കാരണം ദേശീയപാതയിലൂടെയുള്ള യാത്ര പൂർണ്ണ പ്രതിസന്ധിയിലാണ്. സർക്കാരിന്റെയോ ജനപ്രതിനിധികളുടെയോ ഭാഗത്തുനിന്നു ശക്തമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
മദ്രാസ് ഐഐടി അന്വേഷിക്കണം: കെ.രാധാകൃഷ്ണൻ എംപി നിലവാരമില്ലാത്ത നിർമാണമാണ് വടക്കഞ്ചേരി മേൽപാലത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് കെ.രാധാകൃഷ്ണൻ എംപി വ്യക്തമാക്കി. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച സമഗ്രമായ പരിശോധനയും സുരക്ഷാ ഓഡിറ്റും മദ്രാസ് ഐഐടി, സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
തുടർച്ചയായ തകരാറുകൾക്കു കാരണം കരാർ കമ്പനിയുടെ ഗുരുതരമായ വീഴ്ചയാണെന്നും, കോടികൾ ചെലവഴിച്ചു നിർമിച്ച പാലം ആവർത്തിച്ച് തകരുന്നതു യാത്രാക്കാരുടെ ജീവന് വലിയ ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

