കോട്ടയം ദേശീയപാത 183ൽ പാമ്പാടിക്ക് സമീപം കോത്തലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥിനികൾ ബസിനടിയിൽപെട്ട് മരിച്ച സംഭവത്തിൽ ഗൗരവകരമായ നീക്കവുമായി പൊലീസ്. റോഡിൽ അനുവദനീയമായതിലും കൂടുതൽ കയറി സംസാരിച്ചു നടന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുള്ള സാധ്യതയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണ സംഘം പരിശോധിക്കുന്നത്.
നിലവിൽ ബസ് ഡ്രൈവറെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മോട്ടർ വെഹിക്കിൾ ആക്ട് 118, 177 തുടങ്ങിയ വകുപ്പുകൾ റോഡിൽ എല്ലാവരും പാലിക്കേണ്ട
നിയമങ്ങളെക്കുറിച്ചാണ് വ്യക്തമാക്കുന്നത്. ഗതാഗതതടസ്സം സൃഷ്ടിക്കുന്ന സാഹചര്യങ്ങളിലാണ് സാധാരണയായി ഈ വകുപ്പുകൾ നടപ്പാക്കാറുള്ളതെങ്കിലും, പരിധിവിട്ട് കാൽനടയാത്രക്കാർ റോഡിലേക്ക് കയറിനിൽക്കുന്ന സംഭവങ്ങളിലും ഈ നിയമം പ്രയോഗിക്കാനാകുമോ എന്ന ചർച്ച ശക്തമാണ്.
കാൽനടയാത്രക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചമൂലം അപകടങ്ങൾ ഉണ്ടായാൽ അശ്രദ്ധ മൂലമുണ്ടായ അപകടമായി കണക്കാക്കി ബിഎൻഎസ് സെക്ഷൻ 125, 106 എന്നിവ പ്രകാരം കേസെടുക്കാൻ വ്യവസ്ഥയുണ്ട്. റോഡിലെ വെള്ളവരയ്ക്ക് അപ്പുറത്തേക്ക് ചിലർ യാതൊരു ഗൗരവവുമില്ലാതെ നടക്കാൻ കയറുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
കാൽനടക്കാർക്ക് റോഡിന് വശത്തുള്ള വെള്ളവര മറികടക്കാൻ അനുവാദമില്ലെന്ന വസ്തുത അറിയാത്തവരല്ല ഭൂരിപക്ഷവും. എന്നിട്ടും വാഹനങ്ങൾ ചീറിപ്പാഞ്ഞുപോകുന്ന ഇടത്തേക്ക് കാൽനട
യാത്രക്കാർ കയറി നടക്കുന്നത് വലിയ അപകടങ്ങൾക്കാണ് വഴിവെക്കുന്നത്. സ്വയം അപകടം വിളിച്ചുവരുത്തുന്ന ഇത്തരക്കാർ മറ്റ് യാത്രക്കാർക്കുകൂടി വലിയ ഭീഷണിയായി മാറുന്ന സാഹചര്യത്തിലാണ് പൊലീസും ഗതാഗത വകുപ്പും കർശന നിയമനടപടികളിലേക്ക് കടക്കുന്നത്.
സുഹൃത്തുക്കളായ വിദ്യാർഥിനികളുടെ ജീവഹാനിക്കിടയാക്കിയ ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കെകെ റോഡിന്റെ (ദേശീയ പാത 183) ശോചനീയാവസ്ഥയും നിലവിലെ യാത്രാപ്രതിസന്ധികളും വീണ്ടും ചർച്ചയാവുകയാണ്. പേരിൽ ദേശീയപാതയെന്ന് ഉണ്ടെങ്കിലും പഴയ കെകെ റോഡിന്റെ പല ഭാഗങ്ങളിലും ഒരു സാധാരണ പഞ്ചായത്ത് റോഡിന്റെ വീതി മാത്രമാണുള്ളത്.
കഴിഞ്ഞ ദിവസം അപകടം നടന്ന കോത്തല എടക്കരപ്പടി ഉൾപ്പെടുന്ന പ്രദേശം കെകെ റോഡിൽ ഏറ്റവും വീതി കുറഞ്ഞ സ്ട്രെച്ചായ കോട്ടയം മുതൽ വാഴൂർ ചെങ്കൽ വരെയുള്ള 30.3 കിലോമീറ്ററിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് വലിയ വാഹനങ്ങൾക്ക് പരസ്പരം സുരക്ഷിതമായി കടന്നുപോകാൻ പോലുമുള്ള വീതി പല സ്ഥലങ്ങളിലും ഈ പാതയിലില്ല.
സംസ്ഥാന പാത 13 എന്നറിയപ്പെട്ടിരുന്ന കോട്ടയം–കുമളി (കെകെ) റോഡ് 2003 ഓഗസ്റ്റ് 25നാണു ദേശീയപാത വിഭാഗം ഏറ്റെടുക്കുന്നത്. എൻഎച്ച് 220 എന്നായിരുന്നു ഈ പാതയുടെ ആദ്യ പേര്.
കൊല്ലം മുതൽ തേനി വരെയുള്ളതായിരുന്നു ഈ ദേശീയപാത. പിന്നീട് 2017 ഏപ്രിൽ 17നാണ് ഇത് ദേശീയപാത 183 ആയി പുനർനാമകരണം ചെയ്യപ്പെട്ടത്.
കൊല്ലം കടവൂരിൽ ദേശീയപാത 66ൽ തുടങ്ങി തമിഴ്നാട്ടിലെ ഡിണ്ടിഗല്ലിൽ ദേശീയപാത 83 വരെ നീളുന്ന 350 കിലോമീറ്ററാണ് എൻഎച്ച് 183ന്റെ ആകെ നീളം. കോട്ടയം ജില്ലയിൽ ചങ്ങനാശേരി ളായിക്കാട് മുതൽ മുണ്ടക്കയം കല്ലേപ്പാലം വരെയാണ് ഈ ദേശീയപാത കടന്നുപോകുന്നത്.
എംസി റോഡിന്റെ ചെറിയൊരു ഭാഗവും കെകെ റോഡ് പൂർണ്ണമായും ഉൾക്കൊണ്ടാണ് ദേശീയപാത 183 അലൈൻ ചെയ്തിരിക്കുന്നത്. ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ കോട്ടയം വരെയുള്ള എംസി റോഡ് ഭാഗം ഈ ദേശീയപാതയുടെ ഭാഗമാണ്.
കോട്ടയം സെൻട്രൽ ജംക്ഷൻ മുതൽ കുമളി വരെയുള്ള മുഴുവൻ കെകെ റോഡും ഇതിൽ ഉൾപ്പെടുന്നു. കുമളിയിൽ നിന്നാണ് പാത തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നത്.
എംസി റോഡിന്റെ ഭാഗങ്ങളിൽ ആവശ്യത്തിന് വീതിയുണ്ടെങ്കിലും, കെകെ റോഡിൽ കോട്ടയം മുതൽ വാഴൂർ ചെങ്കൽ വരെയുള്ള റീച്ചിൽ റോഡ് വീതികൂട്ടുന്നതിനുള്ള നടപടികൾ വൈകുകയാണ്. വാഹനയാത്രയിൽ ജീവൻ സംരക്ഷിക്കാൻ പാലിക്കേണ്ട
പ്രധാന കാര്യങ്ങളിലൊന്നാണ് അകലം. മുന്നിൽ സഞ്ചരിക്കുന്ന വാഹനത്തിൽനിന്ന് എത്ര ദൂരം പാലിച്ച് പിന്നിലെ വാഹനം പോകണം എന്നതിന് കൃത്യമായ മീറ്റർ കണക്കില്ല പകരം സമയമാണ് അളവുകോൽ.
മുൻപിലുള്ള വാഹനത്തിൽനിന്ന് ശരാശരി മൂന്ന് സെക്കൻഡ് അകലം പാലിച്ചാൽ ഭൂരിഭാഗം അപകടങ്ങളും ഒഴിവാക്കാൻ സാധിക്കും. മുന്നിലുള്ള വാഹനം ഏതെങ്കിലും മരമോ റോഡ് അടയാളമോ കടന്നുപോകുമ്പോൾ മനസ്സിൽ ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണുക.
അതിനുമുമ്പ് നിങ്ങളുടെ വാഹനം ആ സ്ഥാനത്ത് എത്തുന്നുണ്ടെങ്കിൽ അകലം വളരെ കുറവാണെന്ന് തിരിച്ചറിയാം. ടാറിട്ട
റോഡുകൾ വാഹനങ്ങളുടെ സഞ്ചാരത്തിന് മാത്രമുള്ളതാണ്. റോഡരികിലെ വെള്ളവരയ്ക്ക് പുറത്തല്ലാതെ വാഹനം അശ്രദ്ധമായി നിർത്തിയിടുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
ഇതിനായി പ്രത്യേക നിയമങ്ങൾ ഇല്ലെങ്കിലും ഡ്രൈവർമാർ സ്വയം പാലിക്കേണ്ട മര്യാദകളാണിത്.
രാത്രികാലങ്ങളിൽ റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ മറ്റ് വാഹനങ്ങൾ ഇടിച്ച് അപകടങ്ങൾ ഉണ്ടാകുന്ന സംഭവങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. ബസുകൾ, ലോറികൾ തുടങ്ങിയ വലിയ വാഹനങ്ങളുടെ പിന്നിൽ സഞ്ചരിക്കുമ്പോൾ കാഴ്ച തടസ്സപ്പെടുന്നതിനാൽ കൂടുതൽ അകലം പാലിക്കേണ്ടതാണ്.
മഴക്കാലത്ത് പരമാവധി വേഗത കുറച്ച് വാഹനം ഓടിക്കുക. പെട്ടെന്ന് ബ്രേക്ക് പ്രയോഗിക്കുന്നതും സ്റ്റിയറിങ് പെട്ടെന്ന് തിരിക്കുന്നതും ഒഴിവാക്കുക.
യാത്ര പുറപ്പെടുന്നതിന് മുൻപ് ടയറുകളുടെ തേയ്മാനവും വായു മർദവും കൃത്യമായി പരിശോധിക്കേണ്ടതാണ്. (വിവരങ്ങൾക്ക് കടപ്പാടവ് ഡി.ജയരാജ്, കോട്ടയം ആർടിഒ) ദേശീയപാതയിൽ കോട്ടയം മുതൽ പുളിക്കൽകവല വരെ നിലവിലുള്ള റോഡിലെ കയ്യേറ്റങ്ങൾ പൂർണ്ണമായും ഒഴിപ്പിച്ച് 10 മീറ്റർ വീതിയിൽ റോഡ് ടാർ ചെയ്യുന്നതിനായി കേന്ദ്രസർക്കാർ 150 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചിരുന്നു.
എന്നാൽ ഇതിനായി റോഡിന്റെ വശങ്ങൾ അടയാളപ്പെടുത്തി നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. സർവേ സംഘത്തിന് ഇനി ഒരു കിലോമീറ്റർ കൂടി മാത്രമാണ് സർവേ പൂർത്തിയാക്കാനുള്ളതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഇതിനുശേഷമായിരിക്കും എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് സമർപ്പിക്കുക. ദേശീയപാത 183ന്റെ പരിപാലന ചുമതല ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) ഏറ്റെടുത്തിട്ടുണ്ട്.
നേരത്തെ കേന്ദ്രഗതാഗത മന്ത്രാലയത്തിനു (മോർത്ത്) കീഴിലായിരുന്നു ഈ പാത. മോർത്ത് നിയോഗിച്ച കൺസൽറ്റൻസി കോട്ടയം– മുണ്ടക്കയം സ്ട്രെച്ചിൽ 4 ബൈപാസുകൾ ഉൾപ്പെടെ 26 മീറ്റർ വീതിയിൽ റോഡ് നവീകരിക്കുന്നതിനുള്ള പ്രാഥമിക പഠനങ്ങൾ നടത്തിയിരുന്നു.
എന്നാൽ എൻഎച്ച്എഐ ഏറ്റെടുത്തതോടെ പുതിയ കൺസൽറ്റൻസിയെ ക്ഷണിക്കുകയുണ്ടായി. ഇതുവരെ മൂന്ന് തവണ ടെൻഡർ വിളിച്ചെങ്കിലും ആരും കരാർ ഏറ്റെടുക്കാൻ മുന്നോട്ട് വന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

