കൊച്ചിയിൽ നിന്ന് രാജ്യാന്തര ചരക്ക് നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫ്ലൈ ദുബായ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുതിയ കാർഗോ സർവീസിന് തുടക്കം കുറിക്കുന്നു. വരുന്ന 25ന് സർവീസുകൾ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
പ്രാരംഭ ഘട്ടത്തിൽ ആഴ്ചയിൽ ഒരു സർവീസ് വീതമായിരിക്കും ഉണ്ടാകുക. ദുബായ്–കൊച്ചി–ദുബായ് സെക്ടറിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ഇതിനായി ബി 737 ഫ്രൈയ്റ്റർ വിമാനമാണ് ഉപയോഗിക്കുന്നത്. അടുത്തിടെയാണ് ഫ്ലൈ ദുബായ് സ്വന്തമായി കാർഗോ സർവീസുകൾ വ്യാപിപ്പിച്ചത്.
നിലവിൽ മൂന്ന് കാർഗോ വിമാനങ്ങളാണ് കമ്പനി ഓപ്പറേറ്റ് ചെയ്യുന്നത്. സോളിറ്റ് എയറിൽ നിന്ന് പാട്ടത്തിനെടുത്ത ഈ വിമാനങ്ങൾക്ക് 23 ടൺ വരെ ചരക്കുകൾ വഹിക്കാനുള്ള ശേഷിയുണ്ട്.
ഇതോടെ കൊച്ചിയിൽ നിന്ന് കാർഗോ സർവീസ് നടത്തുന്ന മൂന്നാമത്തെ വിമാനക്കമ്പനിയായി ഫ്ലൈ ദുബായ് മാറുകയാണ്. ഇൻഡിഗോയും നാഷനൽ എയർലൈൻസുമാണ് നിലവിൽ ഇവിടെ നിന്ന് ചരക്ക് സർവീസുകൾ നടത്തിവരുന്ന മറ്റ് കമ്പനികൾ.
കേരളത്തിലെ പ്രധാന എയർ കാർഗോ ഹബ്ബായി കൊച്ചി വിമാനത്താവളം മാറിക്കൊണ്ടിരിക്കുകയാണ്. കാർഗോ ടെർമിനലുകളുടെ നവീകരണവും വികസനവും പൂർത്തിയായതോടെ വലിയ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് കൈവരിച്ചിരിക്കുന്നത്.
ഇതിലൂടെ ഇംപോർട്ട് വിഭാഗത്തിന് പ്രതിവർഷം ഒരു ലക്ഷം മെട്രിക് ടണ്ണും എക്സ്പോർട്ട് വിഭാഗത്തിന് 1.25 ലക്ഷം മെട്രിക് ടണ്ണും കാർഗോ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 72178 ടൺ കാർഗോ ആണ് കൊച്ചിയിലൂടെ കൈകാര്യം ചെയ്തത്.
ഇത് കേരളത്തിൽ നിന്നുള്ള ആകെ വിമാന കാർഗോയുടെ 60 ശതമാനം വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

