കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയുടെ പേരിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന കുറിപ്പ് പാർട്ടിയെ സമ്മർദ്ദത്തിലാക്കാനുള്ള ഭീഷ്ണിപ്പെടുത്തലിന്റെ ഭാഗമാണെന്ന് കെഎസ്യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കി.
ദിവ്യ പല കാര്യങ്ങളും തുറന്നുപറഞ്ഞാൽ പല ഉന്നത സിപിഎം നേതാക്കളും കുടുങ്ങുമെന്നും, പാർട്ടി തനിക്ക് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള തന്ത്രമാണ് ഈ കുറിപ്പിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കുറിപ്പ് പുറത്തുവന്ന് 24 മണിക്കൂർ തികയും മുൻപ് ദിവ്യയ്ക്ക് എതിരായി സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
വിവാചദമായ കാർട്ടൺ ഇന്ത്യ കമ്പനിയെക്കുറിച്ചും ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. “ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനു ശേഷം രൂപീകരിച്ച കമ്പനിയാണിത്.
ജില്ലാ പഞ്ചായത്തിലെ മുഴുവൻ കരാറുകളും ഈ കമ്പനിക്ക് നൽകുകയായിരുന്നു. പ്രീ ഫാബ്രിക് കെട്ടിട
നിർമാണം, മോഡുലർ ശുചിമുറികൾ എന്നിവയുടെ നിർമാണം എന്നിവ ഈ കമ്പനി നടത്തിയിരുന്നു. കരാർ നൽകാൻ ശരിയായ ടെൻഡർ നടപടി ക്രമങ്ങൾ പോലും ജില്ല പഞ്ചായത്ത് പാലിച്ചിരുന്നില്ല.
ഈ കമ്പനിയുടെ എംഡിയും ദിവ്യയുടെ ഭർത്താവും ചേർന്ന് കണ്ണൂരിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഏക്കർ കണക്കിന് ഭൂമി എടുത്തു. കാർട്ടൺ ഇന്ത്യ കമ്പനിക്ക് സമാനമായ ബെനാമി ഇടപാടുകൾ ജില്ലയിൽ പല സ്ഥലത്തും നടന്നിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാരിന്റെ കാലത്ത് ദിവ്യയ്ക്ക് എതിരെ കൃത്യമായ അന്വേഷണം നടക്കില്ലെന്ന് ഉറപ്പായിരുന്നുവെന്നും കെഎസ്യു നേതാവ് ആരോപിച്ചു. പല ഉന്നത സിപിഎം നേതാക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ബെനാമി ഇടപാടുകളിൽ പങ്കുണ്ടെന്നും, അന്വേഷണം നീണ്ടാൽ ഇവരും പ്രതിക്കൂട്ടിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിലും സംസ്ഥാനത്തിനു പുറത്തുള്ള മറ്റൊരു ഏജൻസി അന്വേഷിക്കരുതെന്ന് പിണറായി സർക്കാരിന് നിർബന്ധമുണ്ടായിരുന്നുവെന്നും, ഇതിലൂടെ ദിവ്യയുടെ ബെനാമി ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത് തടഞ്ഞെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

