രാജ്യത്തെ മുൻനിര പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (എസ്ബിഐ) ആയിരക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്. ആകെ 3,897 ഇടപാടുകാരുടെ വിവരങ്ങളാണ് ചോർന്നത്.
മൊബൈൽ നമ്പർ, ജനനത്തീയതി, ജെൻഡർ, ഇമെയിൽ വിലാസം, മേൽവിലാസം, വായ്പകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, ബ്രാഞ്ച് വിവരങ്ങൾ തുടങ്ങിയ നിർണായക വിവരങ്ങളാണ് സുരക്ഷാ വീഴ്ചയെ തുടർന്ന് പുറത്തായത്.
എങ്കിലും ഇക്കാര്യത്തിൽ ഉപയോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അക്കൗണ്ട് വിവരങ്ങൾ ചോർന്ന മുഴുവൻ വ്യക്തികളെയും വാട്സ്ആപ്പ്, ഇമെയിൽ മുഖേന ബന്ധപ്പെട്ടിട്ടുണ്ടെന്നും എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇவர்களின் അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ബാങ്ക് ഓഹരി വിപണിയിൽ സമർപ്പിച്ച ഔദ്യോഗിക ഫയലിങിൽ വ്യക്തമാക്കി.
സൈബർ ആക്രമണത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ വെളിപ്പെടുത്തൽ നടത്തിയത്. എസ്ബിഐയുടെ ഇന്റലിജന്റ്സ് സേവനദാതാവായ ഡിഫൻസ് സൈബർ ഏജൻസിയും ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമായ സെർട്ട്-ഇൻ (CERT-In) എന്നിവരാണ് വിവരച്ചോർച്ച സംബന്ധിച്ച വിവരം ബാങ്കിനെ അറിയിച്ചത്.
3.75 ലക്ഷം റെക്കോർഡുകൾ വിശദമായി പരിശോധിച്ചതിലാണ് ഇത്രയും ഉപയോക്താക്കളുടെ വിവരങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. എന്നാൽ ഈ സൈബർ സുരക്ഷാ വീഴ്ച ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളെയോ സാമ്പത്തിക ഇടപാടുകളെയോ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ബാങ്കിങ് സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും കോർ ഐടി ശൃംഖല പൂർണ്ണ സുരക്ഷിതമാണെന്നും എസ്ബിഐ വിശദീകരിക്കുന്നു. സംഭവത്തിന്റെ ആഴം കണ്ടെത്താൻ സെർട്ട്-ഇൻ അംഗീകാരമുള്ള ഒരു സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റൽ ബാങ്കിങ് ഇടപാടുകൾ കൂടുതൽ ജാഗ്രതയോടെ നടത്തണമെന്ന് ബാങ്ക് ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു. ഒടിപി, പിൻ നമ്പർ, പാസ്വേർഡ് എന്നിവ മറ്റുള്ളവരുമായി യാതൊരു കാരണവശാലും പങ്കുവെക്കരുത്.
സംശയകരമായ കോളുകൾ, സന്ദേശങ്ങൾ, ഇ-മെയിലുകൾ എന്നിവയോട് പ്രതികരിക്കരുതെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ: ∙ എസ്എംഎസ്, ഇമെയിൽ, വാട്സാആപ്പ് വഴി ലഭിക്കുന്ന അപരിചിത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കുക. ∙ ഒടിപി, പിൻ, പാസ്വേർഡ് എന്നിവ ഫോൺകോളിലോ സന്ദേശങ്ങളിലോ വെളിപ്പെടുത്തരുത്.
∙ ബാങ്കിൽ നിന്നാണെന്ന് അവകാശപ്പെട്ട് എത്തുന്ന കോളുകളുടെ ആധികാരികത പരിശോധിച്ചു ഉറപ്പിച്ച ശേഷം മാത്രം പ്രതികരിക്കുക. ∙ സംശയകരമായതോ തട്ടിപ്പാണെന്ന് തോന്നുന്നതോ ആയ ഇടപാടുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ബാങ്കിനെ ബന്ധപ്പെടുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

