കൊച്ചിയിൽ നടന്ന ആവേശകരമായ സൗഹൃദ മത്സരത്തിൽ ബ്രസീൽ ലെജൻഡ്സ് വിജയം സ്വന്തമാക്കി. ഗാലറിയെ ആവേശക്കടലാക്കിയ പോരാട്ടത്തിൽ ഇന്ത്യ ഓൾ സ്റ്റാർസ് ഇലവനെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീലിയൻ സംഘം കീഴടക്കിയത്.
റൊണാൾഡീന്യോ, റിവാൾഡോ തുടങ്ങിയ ലോകപ്രശസ്ത ഇതിഹാസ താരങ്ങൾ അണിനിരന്ന മത്സരത്തിൽ, തകർപ്പൻ ഹാട്രിക്കിലൂടെ കളംനിറഞ്ഞ ഫെർണാണ്ടീന്യോ ആണ് ബ്രസീലിന്റെ വിജയശില്പിയായത്. തോൽവി അറിഞ്ഞെങ്കിലും മത്സരത്തിൽ രണ്ട് ഗോളുകൾ നേടി തിളങ്ങിയ മലയാളി താരം സി.കെ.
വിനീതിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. ഇന്ത്യയുടെ മൂന്നാം ഗോൾ നേടിയത് അഷിം ബിശ്വാസ് ആണ്.
മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ ബ്രസീലിയൻ മുന്നേറ്റങ്ങൾ ഇന്ത്യൻ ഗോൾമുഖത്ത് നിരന്തര ഭീഷണി ഉയർത്തി. സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് സൂപ്പർ താരങ്ങളായ റൊണാൾഡീന്യോ, റിവാൾഡോ, ഫെർണാണ്ടീന്യോ എന്നിവർ കളം വാണു.
ഏഴാം മിനിറ്റിൽ സ്റ്റീവൻ ഡയസിന്റെ പാസിൽ നിന്ന് മലയാളി താരം വിനീത് ആദ്യ നീക്കം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. എന്നാൽ 13-ാം മിനിറ്റിൽ മധ്യനിരയിൽ നിന്ന് ലഭിച്ച പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ വിനീത്, ബ്രസീലിയൻ ഗോൾകീപ്പർ ഗോമസിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ച് ഇന്ത്യയെ മുന്നിലെത്തിച്ചു.
ഗോൾ വഴങ്ങിയതോടെ ഉണർന്നെഴുന്നേറ്റ ബ്രസീൽ നിര തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിട്ടു. 21-ാം മിനിറ്റിൽ ബോക്സിൽ വെച്ച് കമെൻഡൂസിയയെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിക്കുകയും, കിക്കെടുത്ത റൊണാൾഡീന്യോ അനായാസം പന്ത് വലയിലെത്തിക്കുകയും ചെയ്തു.
തൊട്ടുപിന്നാലെ റൊണാൾഡീന്യോയുടെ പാസ് സ്വീകരിച്ച് ഗോൾ നേടിയ ഫെർണാണ്ടീന്യോ ബ്രസീലിന് ലീഡ് സമ്മാനിച്ചു. വെറും നാല് മിനിറ്റിനുള്ളിൽ കമെൻഡൂസിയയുടെ പാസിൽ നിന്ന് വീണ്ടുമൊരു മനോഹര ഗോളിലൂടെ ഫെർണാണ്ടീന്യോ ടീമിന്റെ ലീഡ് ഉയർത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ റിക്കാർഡോ ഒളിവേരയുടെ മികച്ചൊരു ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. അധികം വൈകാതെ ബ്രസീലിന്റെ നാലാം ഗോളും പിറന്നു.
റിക്കാർഡോ ഒളിവേരയുടെ ഡയഗണൽ പാസ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച ഫെർണാണ്ടീന്യോ മത്സരത്തിലെ തന്റെ ഹാട്രിക് പൂർത്തിയാക്കി. സ്കോർ നില 4-1 ആയി ഉയർത്തി ബ്രസീൽ കളി പൂർണ്ണമായി നിയന്ത്രണത്തിലാക്കി.
37-ാം മിനിറ്റിൽ ജിയോവാനിയുടെ ലോങ് റേഞ്ചർ ഇന്ത്യൻ ഗോൾകീപ്പർ സന്ദീപ് നന്ദി മികച്ചൊരു സേവിലൂടെ തടഞ്ഞിട്ടു. 47-ാം മിനിറ്റിൽ റൊണാൾഡീന്യോ – ഫെർണാണ്ടീന്യോ കൂട്ടുകെട്ടിന്റെ മുന്നേറ്റവും ലക്ഷ്യം കണ്ടില്ല.
എന്നാൽ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ഹർമൻജോത് സിങ് ഖബ്ര നൽകിയ ക്രോസ് മനോഹരമായ ഹെഡറിലൂടെ വലയിലാക്കി സി.കെ.
വിനീത് ഇന്ത്യയുടെ രണ്ടാം ഗോൾ നേടി (4-2). തൊട്ടുപിന്നാലെ ജോ പോൾ അഞ്ചേരിയുടെ ലോങ് റേഞ്ചർ ബാറിന് മുകളിലൂടെ പറന്നുയർന്നു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇന്ത്യ മൂന്നാം ഗോളും കണ്ടെത്തി. സ്റ്റീവൻ ഡയസിന്റെ ക്രോസ് ക്ലിയർ ചെയ്യാനുള്ള ബ്രസീൽ പ്രതിരോധത്തിന്റെ ശ്രമത്തിനിടയിൽ ലഭിച്ച പന്ത്, ഡൈവിങ് ഹെഡറിലൂടെ വലയിലെത്തിച്ച് അഷിം ബിശ്വാസ് ഇന്ത്യയുടെ ഗോൾ നേട്ടം മൂന്നാക്കി ഉയർത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

