കൊല്ലം ∙ ദേശീയപാത 66 പൂർണതോതിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുമ്പോൾ അടിപ്പാതകളിൽ വാഹനങ്ങളുടെ കൂട്ടയിടിക്ക് സാധ്യതയുണ്ടെന്ന് നാട്ടുകാരുടെ മുന്നറിയിപ്പ്. അടിപ്പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് മറ്റ് വാഹനങ്ങൾ കാണാൻ സാധിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.
അടിപ്പാതകളിൽ അപകടങ്ങൾ പതിയിരിക്കുന്നതായി കഴിഞ്ഞ ദിവസം ദേശീയ ഗതാഗത ആസൂത്രണ–ഗവേഷണ കേന്ദ്രം (നാറ്റ്പാക്) കണ്ടെത്തിയിരുന്നു. ഡ്രൈവർമാരുടെ കാഴ്ച പൂർണമായും മറയ്ക്കുന്ന തരത്തിലാണ് അടിപ്പാതകളുടെ നിർമാണം നടത്തിയിട്ടുള്ളത്.
പ്രവേശന ഭാഗത്തും പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തുമാണ് ഇത് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. സാധാരണയായി അടിപ്പാതകൾ നിർമിക്കുന്നത് ചോർപ്പിന്റെ മാതൃകയിലുള്ള ‘വിസിബിലിറ്റി ഫണൽ’ രീതിയിലാണ്.
അതായത് കവാടങ്ങളിൽ അടിപ്പാതയുടെ മറ്റു ഭാഗങ്ങളെക്കാൾ വീതി കൂടുതലായിരിക്കും. എന്നാൽ, എൻഎച്ച് 66ൽ ഈ രീതി പാലിച്ചിട്ടില്ലെന്നാണ് പ്രധാന കണ്ടെത്തൽ.
റോഡിന്റെ വീതി 45 മീറ്ററായി പരിമിതപ്പെടുത്തിയപ്പോഴാണ് ഈ പ്രശ്നം ഉണ്ടായതെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കുന്നത്. അടിപ്പാതകൾ നാലോ അഞ്ചോ ബ്ലോക്കുകളായാണ് സ്ഥാപിച്ചിട്ടുള്ളത്.
അതും കൃത്യമായ ചതുരാകൃതിയിൽ. കവാടങ്ങളിൽ ചോർപ്പിന്റെ ആകൃതിയിലുള്ള ബ്ലോക്കുകൾ സ്ഥാപിച്ചിരുന്നെങ്കിൽ ഈ പ്രശ്നം പൂർണമായും പരിഹരിക്കപ്പെടുമായിരുന്നു.
ഗതാഗതത്തിനായി തുറന്ന ആദ്യ ദിനങ്ങളിൽ തന്നെ അടിപ്പാതകളുടെ പ്രവേശന കവാടങ്ങൾ വാഹനങ്ങൾ തട്ടി തകർന്നിരുന്നു. അടിപ്പാതകളിൽ രാത്രികാലങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ തെളിയാറുണ്ടെങ്കിലും, ചെറിയ അടിപ്പാതകളിൽ പകലും ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
സ്കൂൾ കുട്ടികള് ഉൾപ്പെടെ ധാരാളം പേർ ഈ അടിപ്പാതകൾ വഴി നടന്നു പോകാറുണ്ട്. ഇങ്ങനെ പോകുന്ന കാൽനടയാത്രക്കാർ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടാതെ അപകടത്തിൽപെടാൻ സാധ്യതയുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
നിലവിൽ സർവീസ് റോഡുകളിൽ ഇരുവശത്തേക്കും യാത്ര അനുവദിച്ചിട്ടുണ്ട്. എന്നാൽ പാത പൂർണമായി തുറക്കുന്നതോടെ സർവീസ് റോഡിലെ യാത്ര ഒരു വശത്തേക്കു മാത്രമായി പരിമിതപ്പെടുത്തുമെന്ന് എൻഎച്ച്എഐ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ചട്ടം ലംഘിച്ച് സർവീസ് റോഡിലും അടിപ്പാതയിലും പ്രവേശിക്കുന്നവരും അപകട സാധ്യത വർധിപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
സർവീസ് റോഡുകൾക്ക് വേണ്ടത്ര വീതിയില്ലെന്ന പരാതിയും ശക്തമാണ്. ഇത്തരത്തിലുള്ള ഇടുങ്ങിയ റോഡിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിച്ചിട്ടുള്ളത്.
ബസുകൾ ഇവിടെ നിർത്തിയിടുമ്പോൾ വൻ ഗതാഗതക്കുരുക്കിന് ഇത് കാരണമായേക്കാം. ആറ് വരി പാതയിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗങ്ങളിലും സർവീസ് റോഡിന് വീതി കുറവാണെന്ന് ആക്ഷേപമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

