പ്രമുഖ തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയെ നായകനാക്കി രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രമാണ് ‘രണബാലി’. ചിത്രത്തിൽ ജനപ്രിയ നായിക രശ്മിക മന്ദാനയാണ് നായികയായി വേഷമിടുന്നത്.
മുൻപ് സെപ്റ്റംബർ 11 ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. പുതുക്കിയ വിവരങ്ങൾ പ്രകാരം ഒക്ടോബർ 16 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും.
ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പുറത്തിറങ്ങിയ ടീസറിനും ഗാനങ്ങൾക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘എൻതയ്യ സാമി’ എന്നുതുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനം വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ 19 മില്യൺ ആളുകളാണ് യൂട്യൂബിൽ കണ്ടത്.
അജയ്-അതുൽ കൂട്ടുകെട്ട് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം തെലുങ്കിൽ ആലപിച്ചിരിക്കുന്നത് ശ്വേത മോഹൻ, അജയ് ഗൊഗവാലേ എന്നിവരാണ്. വിവാഹത്തിനു ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും ഒന്നിച്ച് സിൽവർ സ്ക്രീനിലെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ബിഗ് ബജറ്റിലാണ് ഈ പീരിയഡ് ആക്ഷൻ ഡ്രാമ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ നായക കഥാപാത്രമായ ‘രണബാലി’യെയും നായിക ‘ജയമ്മ’യെയും പരിചയപ്പെടുത്തിക്കൊണ്ട് മുൻപ് പുറത്തിറങ്ങിയ സർപ്രൈസ് വീഡിയോയും ഫസ്റ്റ് ഗ്ലിംപ്സും സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെ അടിത്തറയാക്കിയാണ് ചിത്രം പിറവിയെടുക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്ത് നടന്നിട്ടും ചരിത്രപുസ്തകങ്ങളിൽ അധികം ഇടംപിടിക്കാത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.
ഹിറ്റ്ലറുടെ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായ ചൂഷണങ്ങളും ഗ്ലിംപ്സിൽ അണിയറപ്രവർത്തകർ സൂചിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ ‘രണബാലി’ എന്ന പോരാളിയായാണ് വിജയ് ദേവരകൊണ്ട
എത്തുന്നത്. ഹോളിവുഡ് താരം അർനോൾഡ് വോസ്ലൂ ചിത്രത്തിൽ സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി പ്രധാന വില്ലൻ വേഷത്തിൽ എത്തുന്നുണ്ട്.
നവീൻ യെർനേനി, വൈ. രവിശങ്കർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ടി-സീരീസ് ആണ് അവതരിപ്പിക്കുന്നത്.
ഇതൊരു ബയോപിക്കല്ലെന്നും, മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

