തിരുവനന്തപുരം: വിവാദമായ റേഞ്ച് റോവർ വാഹനയാത്രയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ വാദങ്ങൾ പൊളിയുന്നു.
ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വന്തം വാഹനം ഉപയോഗിക്കുന്നതിന് മുൻപ് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചിരുന്നത് രണ്ടു മന്ത്രിമാർക്ക് മാത്രമാണെന്ന ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നു. മുൻ മന്ത്രിമാരായ പി.കെ.
കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവർക്ക് മാത്രമാണ് അന്ന് പൊതുഭരണ വകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചിരുന്നത്. ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് രമേശ് ചെന്നിത്തല സ്വന്തം വാഹനം ഉപയോഗിക്കുന്നതിന് അനുമതി തേടി അപേക്ഷ സമർപ്പിച്ചത്.
എന്നാൽ, തനിക്ക് സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന കെ.എം. ഷാജിയുടെ വാദം ശരിയല്ലെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സ്വകാര്യ വാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിക്കാൻ മന്ത്രി കെ.എം. ഷാജിക്ക് പൊതുഭരണ വകുപ്പ് ഇതുവരെയും ഉത്തരവുകൾ നൽകിയിട്ടില്ല.
ഒരു സ്വകാര്യ ചടങ്ങിൽ സംബന്ധിക്കുന്നതിനായി കണ്ണൂർ മുതൽ കുർഗ് വരെയുള്ള യാത്രയ്ക്ക് മാത്രമാണ് അദ്ദേഹത്തിന് സ്വകാര്യ കാർ ഉപയോഗിക്കുവാൻ അനുമതി നൽകിയിരുന്നത്. ഈ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിന്റെ പ്രോട്ടോകോൾ വിഭാഗത്തിന് കൈമാറിയ ഔദ്യോഗിക കത്തിലും വിവാദമായ റേഞ്ച് റോവർ കാറിന്റെ നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ മലപ്പുറം യാത്രയുമായി ബന്ധപ്പെട്ട
ചാർട്ടേഡ് വിമാനയാത്ര വിവാദത്തിനിടയിൽ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ ചെലവുകൾ വഹിച്ചത് ആരെന്ന് സംബന്ധിച്ച് നിലവിലും അവ്യക്തത തുടരുകയാണ്.
സർക്കാർ ഖജനാവിൽ നിന്ന് ഇതിനായി പണം ചെലവഴിച്ചിട്ടില്ലെന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. എങ്കിലും, യാത്രാച്ചെലവ് സ്പോൺസർ ചെയ്തത് ആരാണെന്ന കാര്യത്തിൽ മുഖ്യമന്ത്രിയോ സർക്കാരോ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ഇന്നത്തെ മന്ത്രിസഭായോഗത്തിന് ശേഷം നടക്കുന്ന പതിവ് വാർത്താസമ്മേളനത്തിൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക വിശദീകരണങ്ങൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

