കെടുകാര്യസ്ഥതയും രഹസ്യസ്വഭാവവും മൂലം റേറ്റിങ് വെട്ടിനിരത്തിയതിനെ തുടർന്ന് ചോരപ്പുഴയായി ഇന്തൊനീഷ്യൻ ഓഹരി വിപണി. മുന്നറിയിപ്പ് നൽകിയിട്ടും ഗൗനിക്കാതിരുന്നത് ഇന്തൊനീഷ്യയുടെ മുഖ്യ വിപണിയായ ജക്കാർത്ത കോംപസിറ്റ് ഇൻഡക്സിന് തിരിച്ചടിയായി.
11.4% ഇടിവാണ് ഒറ്റദിവസം നേരിട്ടത്. 1998 ജനുവരിക്ക് ശേഷം ഇത്ര വലിയ തകർച്ച ആദ്യം.
2020 നവംബർ ശേഷമുള്ള ഏറ്റവും താഴ്ചയിലേക്കുമാണ് ജക്കാർത്ത വിപണി കൂപ്പുകുത്തിയത്. നഷ്ടം കൂടുന്നത് ഒഴിവാക്കാനായി 30 മിനിറ്റ് നേരത്തേക്ക് സൂചികയിൽ വ്യാപാരം നിർത്തിവയ്ക്കേണ്ടിയും വന്നു.
ഇന്തൊനീഷ്യൻ കറൻസിയായ റുപ്പിയയും തരിപ്പണമായി. ഒരു ഡോളറിന് 10,070 റുപ്പിയ എന്ന നിലയിലേക്കാണ് മൂല്യം ഇടിഞ്ഞത്.
ഇതാകട്ടെ ചരിത്രത്തിലെ ഏറ്റവും താഴ്ചയായ 18,190ന് അടുത്തുമാണെന്നത് ആശങ്ക കൂട്ടുന്നു. ഇന്തൊനീഷ്യയിലെ പ്രമുഖ ബാങ്കുകളായ ബാങ്ക് സെൻട്രൽ ഏഷ്യ, ബാങ്ക് റകിയത്ത് ഇന്തൊനീഷ്യ, ബാങ്ക് മാന്ദീരി എന്നിവയുടെ ഓഹരികവ് 15% വരെ ഇടിഞ്ഞതും തിരിച്ചടിയായി.
2026 ഇതുവരെ 40 ശതമാനമാണ് ഇന്തൊനീഷ്യൻ വിപണിയുടെ വീഴ്ച. എന്തുകൊണ്ട് ജക്കാർത്ത വിപണിയിൽ കൂട്ടക്കുരുതി?
ആഗോളതലത്തിൽ നിക്ഷേപ, സ്ഥാപനങ്ങൾക്ക് മികച്ച ഓഹരികളും കണ്ടെത്തി നിക്ഷേപിക്കാനും നേട്ടമുണ്ടാക്കും സൗകര്യമൊരുക്കുന്ന, സൂചികകൾ രൂപപീകരിക്കുന്ന ധനകാര്യ സ്ഥാപനമാണ് എംഎസ്സിഐ.
മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇന്റർനാഷണൽ എന്നതിന്റെ ചുരുക്കമാണ് എംഎസ്സിഐ. എംഎസ്സിഐയുടെ സൂചികകളിൽ ഇടംപിടിക്കുന്ന വിപണികളിലേക്കും ഓഹരികളിലേക്കും രാജ്യാന്തര നിക്ഷേപകർ വൻതോതിൽ പണമൊഴുക്കാറുണ്ട്.
പ്രവർത്തനമികവ്, ഭരണനിർവഹണം, നയങ്ങൾ, സുതാര്യത തുടങ്ങിയവ വിലയിരുത്തി വിവിധ വിഭാഗങ്ങളിലാണ് വിപണികളെയും സൂചികകളെയും എംഎസ്സിഐ ഉൾപ്പെടുത്തുന്നത്. ഇന്തൊനീഷ്യൻ വിപണിയുടെ റേറ്റിങ് എംഎസ്സിഐ വെട്ടിത്താഴ്ത്തിയത് ഇന്ന് കനത്ത നഷ്ടത്തിന് ഇടയാക്കിയത്.
റേറ്റിങ് താഴ്ത്തിയത് എങ്ങനെ? എന്തിന്?
ഇന്തൊനീഷ്യൻ കമ്പനികളുടെ ഓഹരി ഉടമസ്ഥാവകാശം സംബന്ധിച്ച ആശയക്കുഴപ്പങ്ങളും സുതാര്യതക്കുറവും തിരിമറികളുമാണ് റേറ്റിങ് താഴ്ത്താൻ ഇടയാക്കിയത്. സാധാരണ ഒരു കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും പ്രമോട്ടർമാർ, സ്ഥാപകർ, സർക്കാർ എന്നിവരുടെ കൈകളിൽ ആയിരിക്കും.
എന്നാൽ, ഇന്തൊനീഷ്യയിൽ കൂടുതൽ ഓഹരികളും പൊതുനിക്ഷേപകരുടെ കൈവശം ആയത് വിദേശ നിക്ഷേപകരെ വെട്ടിലാക്കുകയാണെന്ന് എംഎസ്സിഐ വിലയിരുത്തി. ഓഹരി ഇടപാടുകളിലെ സുതാര്യതക്കുറവും രസഹ്യസ്വഭാവങ്ങളും ചൂണ്ടിക്കാട്ടിയാണ് റേറ്റിങ് താഴ്ത്തിയത്.
ഇന്ത്യയ്ക്കു നേട്ടമാകും
ഇന്തൊനീഷ്യൻ വിപണിയിൽ നിന്ന് പിന്മാറുന്ന നിക്ഷേപകർ ആ തുക ഇന്ത്യയിലേക്കും മറ്റും ഒഴുക്കാനാണ് സാധ്യത. ഇത് ഇന്ത്യൻ വിപണിക്ക് ഗുണം ചെയ്യും.
∙ വികസ്വര വിപണി’ (എമേർജിങ് മാർക്കറ്റ്) എന്ന വിഭാഗത്തിലാണ് ഇന്തൊനീഷ്യ ഉണ്ടായിരുന്നത്. ഇതിൽ നിന്ന് ഒറ്റയടിക്ക് ‘സ്റ്റാൻഡ്എലോൺ’ എന്ന വിഭാഗത്തിലേക്കാണ് മാറ്റിയത്.
∙ എമേർജിങ് മാർക്കറ്റിന് തൊട്ടുതാഴെയുള്ള വിഭാഗം ‘ഫ്രണ്ടിയർ മാർക്കറ്റ്’ ആണ്. ഇതു ഒഴിവാക്കിക്കൊണ്ടാണ് ഒറ്റയടിക്ക് ഏറ്റവും താഴ്ന്ന വിഭാഗമായ സ്റ്റാൻഎലോണിലേക്ക് ഇന്തൊനീഷ്യയെ എംഎസ്സിഐ മാറ്റിയത്.
റേറ്റിങ് വെട്ടിയത് എങ്ങനെ ബാധിക്കും?
എമേർജിങ് വിഭാഗത്തിലായിരുന്നതിനാൽ ലോകത്തെ പ്രമുഖ നിക്ഷേപ, ധനകാര്യ സ്ഥാപനങ്ങൾ വലിയതോതിൽ ജക്കാർത്ത വിപണിയിൽ നിക്ഷേപം നടത്തിയിരുന്നു. റേറ്റിങ് താഴ്ത്തിയതോടെ ചട്ടപ്രകാരം ഇവർ നിക്ഷേപമെല്ലാം കൂട്ടത്തോടെ പിൻവലിക്കും.
ഇത്തരത്തിൽ പിൻവലിക്കുന്ന തുക മറ്റ് എമേർജിങ് വിപണികളിലേക്കോ അതിനുമുകളിലുള്ള വികസിത വിപണികളിലേക്കോ (ഡവലപ്ഡ് മാർക്കറ്റ്) ഒഴുക്കും. കനത്തതോതിൽ നിക്ഷേപം നഷ്ടപ്പെടുമെന്ന ഭീതിയാണ് ഇന്തൊനീഷ്യൻ വിപണിയെ വീഴ്ത്തിയത്.
ഡോളർ വൻതോതിൽ പിൻവലിക്കപ്പെടുന്നത് റുപ്പിയയുടെ തകർച്ചയ്ക്കും വഴിവച്ചു. വരുംദിവസങ്ങളിലും തകർച്ച തുടർന്നേക്കാം.
1.5 ട്രില്യൻ വിപണി
ഇന്തൊനീഷ്യൻ ഓഹരി വിപണിയുടെ മൂല്യം 1.5 ട്രില്യൻ (ലക്ഷം കോടി) ഡോളറാണ്. സ്റ്റാൻഡ്എലോൺ വിപണിയിലെ ഏറ്റവും വലിയ അംഗമായി മാറുകയും ചെയ്തു ഇന്തൊനീഷ്യ.
രണ്ടാംസ്ഥാനത്തുള്ള അർജന്റീനയുടെ വിപണിയേക്കാൾ ഇരട്ടിയാണ് ഇന്തൊനീഷ്യയുടെ മൂല്യം. ഏമേർജിങ് വിഭാഗത്തിലുള്ള ഇന്ത്യൻ വിപണിയുടെ മൂല്യം 5 ട്രില്യനാണ്.
ഇന്ത്യയും പാക്കിസ്ഥാനും ചൈനയും ഏത് വിഭാഗത്തിൽ?
എംഎസ്സിഐയുടെ വിഭാഗങ്ങളും അവയിൽ ഉൾപ്പെടുന്ന പ്രമുഖ രാജ്യങ്ങളും ഇങ്ങനെ:
∙ വികസിത വിപണികൾ: ഉയർന്ന വരുമാനം, പണലഭ്യത, സുതാര്യവും ശക്തവുമായ ഭരണനിർവഹണം എന്നിവയുള്ള വിപണികൾ. പ്രധാന രാജ്യങ്ങൾ: യുഎസ്, യുകെ, ജർമനി, ജപ്പാൻ.
∙ വികസ്വര വിപണികൾ: അതിവേഗം വളരുന്നതും വിദേശ നിക്ഷേപകരുടെ സജീവ പങ്കാളിത്തവുമുള്ള വിപണികൾ. പ്രധാന രാജ്യങ്ങൾ: ഇന്ത്യ, ചൈന, ബ്രസീൽ, തായ്വാൻ.
∙ ഫ്രണ്ടിയർ വിപണികൾ: പണലഭ്യത കുറവുള്ളതും സാവധാനം വളരുന്നതുമായ വിപണികൾ. പ്രധാന രാജ്യങ്ങൾ: പാക്കിസ്ഥാൻ, കെനിയ, വിയറ്റ്നാം, റൊമേനിയ, ഐസ്ലൻഡ്.
∙ സ്റ്റാൻഡ്എലോൺ വിപണികൾ: എംഎസ്സിഐയുടെ ഉൾപ്പെടെ ആഗോള സൂചികകളിൽ നിന്ന് ഒഴിവാക്കപ്പെട്ട്, ഒറ്റയ്ക്ക് നിൽക്കുന്ന വിപണികൾ. സുതാര്യതയില്ലായ്മ വലിയ പോരായ്മ.
മെച്ചപ്പെട്ട ചട്ടക്കൂടില്ലാത്തതും നിക്ഷേപകരെ ഭീതിയിലാക്കും; നിക്ഷേപത്തിൽ നിന്ന് അകറ്റും.
പ്രധാന രാജ്യങ്ങൾ: അർജന്റീന, ലെബനൻ, പാലസ്തീൻ, യുക്രെയ്ൻ, സിംബാബ്വേ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

