ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ ഫെഡറൽ ബാങ്ക് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച രേഖപ്പെടുത്തി. നടപ്പു സാമ്പത്തിക വർഷമായ 2026-27 ലെ രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബർ കാലയളവിൽ 1,386.09 കോടി രൂപയാണ് ബാങ്ക് അറ്റാദായം കൈവരിച്ചത്.
മുൻവർഷത്തെ സമാനപാദത്തിൽ ഇത് 955 കോടി രൂപയായിരുന്നു. അതായത് 45.10 ശതമാനത്തിന്റെ വൻ വർധനവാണ് ഈ വിഭാഗത്തിൽ ഉണ്ടായിരിക്കുന്നത്.
നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ രേഖപ്പെടുത്തിയ 1177 കോടി രൂപയുടെ ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ 18 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് ബാങ്ക് ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ബാങ്കിന്റെ മൊത്തത്തിലുള്ള ബിസിനസ് ഫ്രാഞ്ചൈസ് 20.12 ശതമാനം ഉയർന്ന് 6.4 ലക്ഷം കോടി രൂപയായി വളർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ മൊത്തം നിക്ഷേപം 3.42 ലക്ഷം കോടി രൂപയും മൊത്തം വായ്പകൾ 3.01 ലക്ഷം കോടി രൂപയുമാണ്.
മൊത്ത നിക്ഷേപത്തിൽ 18.61 ശതമാനവും വായ്പകളിൽ 21.66 ശതമാനവും വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രവർത്തനക്ഷമതയുടെ പ്രധാന അളവുകോളായ കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപം 22.56 ശതമാനം വർധിച്ച് 1.09 ലക്ഷം കോടി രൂപയിലെത്തി.
കാസ അനുപാതം 1.03 ശതമാനം ഉയർന്ന് 32.04 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്. എൻ.ആർ.ഇ, ഒ.എൻ.ആർ വിഭാഗങ്ങളിലെ പ്രവാസി നിക്ഷേപം 26.63 ശതമാനം വർധിച്ച് 1.19 ലക്ഷം കോടി രൂപയായി ഉയർന്നു.
പ്രത്യേക അക്കൗണ്ടുകളിലേക്കുള്ള നിക്ഷേപ പ്രവാഹം 239.14 ശതമാനം കുതിപ്പോടെ 23,547.72 കോടി രൂപയായും വർധിച്ചിട്ടുണ്ട്. സ്വർണപ്പണയ വായ്പകളിൽ 37.13 ശതമാനത്തിന്റെയും ഈടുവെയ്പുകളിൽ 32.21 ശതമാനത്തിന്റെയും ക്രെഡിറ്റ് കാർഡ് മേഖലയിൽ 28.27 ശതമാനത്തിന്റെയും വളർച്ചയാണ് കൈവരിച്ചത്.
അറ്റ പലിശ വരുമാനത്തിൽ 26.38 ശതമാനവും അറ്റ പലിശ മാർജിനിൽ 0.26 ശതമാനവും വർധനവുണ്ടായി. പ്രവർത്തനലാഭം 35.35 ശതമാനം ഉയർന്ന് 2225.37 കോടി രൂപയായപ്പോൾ, പ്രവർത്തനേതര വരുമാനം റെക്കോർഡ് നേട്ടമായ 37.73 ശതമാനം വർധിച്ച് 1490.44 കോടി രൂപയിലെത്തി.
ബാങ്കിന്റെ കിട്ടാക്കടം അഥവാ നിഷ്ക്രിയ ആസ്തി അനുപാതത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം നിഷ്ക്രിയ ആസ്തി 1.83 ശതമാനത്തിൽ നിന്ന് 1.32 ശതമാനമായാണ് കുറഞ്ഞത്.
അറ്റ നിഷ്ക്രിയ ആസ്തിയാകട്ടെ 0.48ൽ നിന്ന് 0.17 ശതമാനത്തിലേക്കും താഴ്ന്നു. ഇത് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ കിട്ടാക്കട
അനുപാതമായാണ് വിലയിരുത്തപ്പെടുന്നത്. നിരവധി നാഴികക്കല്ലുകൾ പിന്നിട്ട
ത്രൈമാസമാണിതെന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ.വി.എസ്.മണിയൻ വ്യക്തമാക്കി. എക്കാലത്തെയും ഉയർന്ന ലാഭവും 6.4 ലക്ഷം കോടി കടന്ന ബിസിനസ് ഫ്രാഞ്ചൈസും 3 ലക്ഷം കോടി പിന്നിട്ട
വായ്പകളും ബാങ്കിന്റെ ശക്തമായ വളർച്ചയാണ് കാണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.എസ്.ഇയിൽ വ്യാപാരം അവസാനിച്ചപ്പോൾ ഫെഡറൽ ബാങ്ക് ഓഹരി വില 0.90 ശതമാനം ഉയർന്ന് 338 രൂപയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഇതിനിടയിൽ, ഫെഡറൽ ബാങ്കിന്റെ അഡിഷനൽ ഡയറക്ടറായി രാജേഷ് വാര്യരെ നിയമിച്ചു. ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തോടെ മൂന്നു വർഷത്തേക്കാണ് ഈ നിയമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

