കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) കമ്പനിയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി രംഗത്ത്.
മെട്രോ റെയിലിന്റെ ഔദ്യോഗിക പേരിൽ നിന്നുള്ള ‘കൊച്ചി’ എന്ന നാമം ഒഴിവാക്കില്ലെന്നും, കമ്പനിയുടെ പേര് മാറ്റുന്നത് സംബന്ധിച്ച ഒരു ശുപാർശ മാത്രമാണ് നൽകിയിട്ടുള്ളതെന്നും കെഎംആർഎൽ വ്യക്തമാക്കി. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും പ്രത്യേക നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും, നിലവിലുള്ള കേന്ദ്ര മാർഗരേഖ കർശനമായി പാലിക്കുക മാത്രമാണ് ചെയ്തതെന്നും അധികൃതർ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ ഭവന–നഗരകാര്യ മന്ത്രാലയത്തിന്റെ കീഴിലാണ് രാജ്യത്തെ മെട്രോ റെയിൽ പദ്ധതികൾ പ്രവർത്തിക്കുന്നത്. ഒരു സംസ്ഥാനത്ത് ഒന്നിലധികം നഗരങ്ങളിൽ മെട്രോ സംവിധാനങ്ങൾ വരുന്ന സാഹചര്യത്തിൽ, അവയ്ക്കായി ഒറ്റ മെട്രോ റെയിൽ കമ്പനി മാത്രമേ ഉണ്ടാകാവൂ എന്നുള്ളത് മുൻകാലങ്ങളിലെ കേന്ദ്ര മാർഗരേഖയാണ്.
ഈ പശ്ചാത്തലം ചൂണ്ടിക്കാണിച്ചുകൊണ്ട് ‘കേരളം മെട്രോ’ എന്ന പേര് ശുപാർശ ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് കെഎംആർഎല്ലിന്റെ വിശദീകരണം. സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ പുതിയ മെട്രോ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട
സാഹചര്യങ്ങളിലാണ് കെഎംആർഎൽ ഇത്തരമൊരു ശുപാർശ മുന്നോട്ടുവെച്ചത്. എന്നാൽ കെഎംആർഎൽ സമർപ്പിച്ച ഈ നിർദ്ദേശത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള പൂർണ്ണ അധികാരം സംസ്ഥാന സർക്കാരിനാണ് ഉള്ളത്.
കെഎംആർഎല്ലിന്റെ പേരുമാറ്റ നീക്കം തുടക്കം മുതലേ വലിയ തോതിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ നീക്കത്തിനെതിരെ മുഖ്യമന്ത്രി വി.ഡി.സതീശൻ ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചത്.
കൂടാതെ, പേരുമാറ്റ നടപടികൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി, ടി.ജെ.വിനോദ് എംഎൽഎ തുടങ്ങിയ ജനപ്രതിനിധികളും രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലവിലുള്ള വിവാദങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കെഎംആർഎൽ ഇപ്പോൾ പുതിയ വിശദീകരണം നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

