പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് അടവി വിനോദസഞ്ചാര കേന്ദ്രത്തിൽ ഓണത്തോടനുബന്ധിച്ച് പുതിയ കുട്ടവഞ്ചികൾ എത്തിച്ചു. ഇതോടെ സഞ്ചാരികൾക്ക് ഇനി കൂടുതൽ സുരക്ഷിതമായി സവാരി ആസ്വദിക്കാനാകും.
ഒരു വർഷം മുൻപ് ഹൊഗനെക്കൽ നിന്ന് എത്തിച്ച കുട്ടവഞ്ചികളിലായിരുന്നു ഇതുവരെ സവാരി നടത്തിയിരുന്നത്. എന്നാൽ, അമിത ഉപയോഗവും പഴക്കവും കാരണം ഇവ നാശാവസ്ഥയിലായിരുന്നു.
പുതിയ കുട്ടവഞ്ചികൾ ലഭ്യമാക്കണമെന്ന് തുഴച്ചിൽ തൊഴിലാളികൾ മാസങ്ങൾക്ക് മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. ഓണക്കാലത്ത് തിരക്ക് വർധിക്കുമ്പോൾ തകർന്ന അവസ്ഥയിലുള്ള കുട്ടവഞ്ചികളിലെ സവാരി വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് ആശങ്ക ഉയർന്നിരുന്നു.
ഒരു കുട്ടവഞ്ചി യാതൊരു തകരാറും കൂടാതെ സാധാരണയായി ആറുമാസം വരെയാണ് ഉപയോഗിക്കാൻ കഴിയുക. തുടർന്ന് ഇവയുടെ പൊളികൾ അടർന്നും വക്കുകൾ പൊട്ടിയും കാലുകൾ ഒടിഞ്ഞും ബലക്ഷയമുണ്ടാകുന്നു.
വിനോദസഞ്ചാരികളുടെ ഉപയോഗം വർധിക്കുന്നതനുസരിച്ച് ഇവ വേഗത്തിൽ നശിക്കുകയും ചെയ്യും. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം സവാരി നടക്കുകയും അതിനനുസരിച്ച് വരുമാനം വർധിക്കുകയും ചെയ്തിട്ടും സമയബന്ധിതമായി പുതിയ കുട്ടവഞ്ചികൾ എത്തിക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല.
ഒടുവിൽ ഹൊഗനെക്കൽ നിന്ന് 24 പുതിയ കുട്ടവഞ്ചികളും തുഴകളും ഇന്നലെ അടവിയിൽ എത്തിച്ചു. വാഹനത്തിൽ നിന്ന് ഇറക്കിയ ഇവയ്ക്ക് കൃത്യമായ നമ്പരിട്ട
ശേഷം നറുക്കെടുപ്പിലൂടെയാണ് തുഴച്ചിൽ തൊഴിലാളികൾക്ക് വീതിച്ചു നൽകിയത്. കുട്ടവഞ്ചിയുടെ പുറത്തുള്ള ചാക്ക് ഷീറ്റിൽ ‘റെയിൻ ഗാർഡ് കോംപൗണ്ട്’ ഉരുക്കി തേച്ച് ഉണക്കിയ ശേഷമാകും ഇവ സവാരിക്കായി ഉപയോഗിക്കുക.
ഇതിനായുള്ള ജോലികൾ തൊഴിലാളികൾ ഇന്നലെ തന്നെ ആരംഭിച്ചു കഴിഞ്ഞു. ഈ പ്രവൃത്തികൾ പൂർത്തിയാക്കി അവിട്ടം നാൾ മുതൽ പുതിയ കുട്ടവഞ്ചികൾ നീറ്റിലിറക്കും.
തിരുവോണത്തിന് അവധിയാണെങ്കിലും ഞായറാഴ്ചയായതിനാൽ ഇന്നും വരുന്ന രണ്ട് ദിവസങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ പഴയ കുട്ടവഞ്ചികൾ തന്നെ ഉപയോഗിക്കേണ്ടി വരും. എന്നാൽ, ഒരു മാസം മുൻപെങ്കിലും പുതിയ കുട്ടവഞ്ചികൾ എത്തിക്കാൻ അധികൃതർ തയ്യാറാകാതിരുന്നത് ഗുരുതരമായ അനാസ്ഥയാണെന്ന ആക്ഷേപവും ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

