ശബരിമലയിൽ അരവണ പ്രസാദ വിതരണത്തിലെ നിയന്ത്രണം ഇന്നും തുടരുന്നു. തീർത്ഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ഇന്ന് ഒരാൾക്ക് ഒരു അരവണ ടിൻ മാത്രമാണ് നൽകുന്നത്.
20 ദിവസമായി പ്ലാന്റിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. പ്ലാന്റിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നാണ് ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ രാത്രിയിലും ഭക്തർക്ക് ഓരോ അരവണ മാത്രമാണ് നൽകിയത്. ഇതിനെ തുടർന്ന് സന്നിധാനത്ത് തീർത്ഥാടകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മുൻകരുതൽ എന്ന നിലയിൽ മൂന്ന് ലക്ഷം അരവണ ടിന്നുകൾ കരുതൽ ശേഖരമുണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി തിരക്ക് വർധിക്കുകയായിരുന്നു എന്നാണ് ബോർഡിന്റെ പക്ഷം. എന്നാൽ, വൻ തോതിലുള്ള തീർത്ഥാടകരുടെ തിരക്ക് മുൻകൂട്ടി കാണുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചുവെന്ന ആക്ഷേപവും ശക്തമാണ്.
കന്നിമാസ പൂജയോടനുബന്ധിച്ച് ഇത്രയധികം ഭക്തരെ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പ്ലാന്റ് അറ്റകുറ്റപ്പണികളുടെ ഭാഗമായി വിതരണത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് കാണിച്ച് ബോർഡ് നേരത്തെ തന്നെ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
പ്രതിദിനം ഒരു ലക്ഷം വരെ അരവണ നിർമ്മിക്കുന്നതിനായി ഹൈക്കോടതി അനുമതിയോടെ പ്ലാന്റിന്റെ ഉത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

