കൊല്ലം ജില്ലയിൽ പുതിയ എസ്എച്ച്ഒ സംവിധാനം നടപ്പിലാക്കി പുതിയ സർക്കിൾ ഇൻസ്പെക്ടർമാരെ നിയമിച്ചെങ്കിലും, പലയിടത്തും ഉചിതമായ ഓഫിസ് കണ്ടെത്താൻ കഴിയാത്തത് പൊലീസിന് പ്രതിസന്ധിയാകുന്നു. സ്റ്റേഷനിൽ പുതിയ സിഐ വന്നെങ്കിലും പഴയ സ്റ്റേഷൻ ആയതിന്റെ അസൗകര്യമാണ് ജില്ലയിലാകെ നിലനിൽക്കുന്നത്.
ആവശ്യമായ ഓഫിസ് മുറി, ജീവനക്കാർ, ഫർണിച്ചർ, ഐടി സംവിധാനങ്ങൾ എന്നിവയാണ് പലയിടത്തും ഒരുക്കേണ്ടതുള്ളത്. ചവറയിൽ സർക്കിൾ ഓഫിസ് ക്വാർട്ടേഴ്സിൽ
ചവറ പൊലീസ് സർക്കിൾ നിലവിൽ വന്നെങ്കിലും കെട്ടിടത്തിന്റെ അപര്യാപ്തത കാരണം പ്രവർത്തനം പൂർണതോതിൽ സജ്ജമായില്ല.
തൽക്കാലം സ്റ്റേഷൻ കോംപൗണ്ടിലെ തെക്കേ കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ദേശീയപാതയുടെ പടിഞ്ഞാറുവശത്തെ സിഐയുടെ ക്വാർട്ടേഴ്സായി ഉപയോഗിച്ചിരുന്ന കെട്ടിടം നവീകരിച്ച് അവിടേക്ക് ഓഫിസ് പ്രവർത്തനം മാറ്റാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകിയിട്ടുണ്ട്.
നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ഇതിനു സമീപത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സിലേക്കാണ് സിഐ ഓഫിസ് ഇപ്പോൾ മാറ്റുന്നത്.
ഇരവിപുരത്ത് പരിമിതിയുടെ നടുവിൽ
ഇരവിപുരം, പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഇരവിപുരം സർക്കിൾ ഓഫിസ് ഇരവിപുരം വഞ്ചിക്കോവിലിനു സമീപം വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇരവിപുരം പൊലീസ് സ്റ്റേഷൻ തിരുമുക്കിലുള്ള വാടകക്കെട്ടിടത്തിലാണ്.
ഇവിടെ പരിമിതികൾ ഏറെയുണ്ട്. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനും പരിമിതികളുടെ നടുവിലാണ്.
ഈ സ്റ്റേഷൻ കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ഉള്ള തീരുമാനത്തിലാണ്. കടയ്ക്കലിൽ പുതിയ സർക്കിൾ, പഴയ കെട്ടിടം
കടയ്ക്കൽ, ചിതറ, ചടയമംഗലം, കടയ്ക്കൽ പൊലീസ് സ്റ്റേഷനങ്ങൾക്ക് വേണ്ടി കടയ്ക്കൽ കേന്ദ്രീകരിച്ചു തുടങ്ങിയ സിഐ ഓഫിസ് പ്രവർത്തനം നിലവിലുള്ള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്.
മുൻപ് സിഐ ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ്. പുതിയ കെട്ടിടം നിർമിക്കുന്നത് വരെ നിലവിൽ സിഐ ഓഫിസ് പൊലീസ് സ്റ്റേഷന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കേണ്ടി വരും.
കടയ്ക്കൽ ജംക്ഷനിൽ 10 വർഷങ്ങൾക്ക് മുൻപ് സിഐ ഓഫിസ് പ്രവർത്തിച്ചിരുന്നത് കടയ്ക്കൽ സമര സ്മാരകമായി നിലനിന്ന കെട്ടിടത്തിലാണ്. കെട്ടിടം പൊളിച്ച് ഇവിടെ മിനി സിവിൽ സ്റ്റേഷൻ നിർമിച്ചിരുന്നു.
സിഐ ഓഫിസ് നിർമിക്കുന്നതിനായി പഞ്ചായത്തിന്റെ കൈവശം ഇരുന്ന സ്ഥലം പൊലീസ് വകുപ്പിന് വിട്ടു നൽകിയെങ്കിലും നിർമാണം നടന്നില്ല. പുതിയ കെട്ടിടവും വാഹനവുമെത്തി; കംപ്യൂട്ടറില്ലാതെ കരുനാഗപ്പള്ളി
നിർമാണം പൂർത്തിയ പുതിയ കെട്ടിടവും ആവശ്യമായ ഫർണിച്ചറും പുതിയ ഔദ്യോഗിക വാഹനവും ഓഫിസിന് അനുവദിച്ചിട്ടുണ്ട്.
ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് ജീവനക്കാരാണ് നിലവിൽ ഇവിടെ സേവനമനുഷ്ഠിക്കുന്നത്. എന്നാൽ, ദൈനംദിന ഓഫിസ് പ്രവർത്തനങ്ങൾക്കും കേസുകളുടെ ഡിജിറ്റൽ രേഖകൾ കൈകാര്യം ചെയ്യുന്നതിനും ആവശ്യമായതോതിൽ കംപ്യൂട്ടറോ അനുബന്ധ ഇലക്ട്രോണിക് ഉപകരണങ്ങളോ ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
ഓൺലൈൻ സംവിധാനങ്ങളും ഫയൽ കൈമാറ്റങ്ങളും പൂർണമായും ഡിജിറ്റലായ ഇക്കാലത്ത്, അടിസ്ഥാന സാങ്കേതിക സൗകര്യങ്ങൾ ഇല്ലാത്തത് ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിലാക്കുന്നു. കൊട്ടാരക്കരയിൽ ഫോണില്ല
കൊട്ടാരക്കര സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടർക്ക് മുകളിലത്തെ നിലയിൽ മുറി അനുവദിച്ചിട്ടുണ്ട്.
എന്നാൽ ഫോൺ നമ്പർ ഇതുവരെ ലഭിച്ചിട്ടില്ല. സ്റ്റേഷൻ ഇൻസ്പെക്ടറുടെ നമ്പർ ആണ് ഉപയോഗിക്കുന്നത്.
പുത്തൂരിൽ ‘താൽക്കാലികം’; ജീപ്പിലും പ്രതിസന്ധി
പുത്തൂർ പൊലീസ് സ്റ്റേഷനോടു ചേർന്നുള്ള ജനമൈത്രി കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇപ്പോൾ പുത്തൂർ സിഐ ഓഫിസിന് അനുവദിച്ചിരിക്കുന്നത്. ഇവിടെ താൽക്കാലികമായി പ്രവർത്തിക്കാമെങ്കിലും വേണ്ടത്ര സൗകര്യമില്ലാത്തത് പോരായ്മയാണ്.
ഓഫിസിലേക്കു വേണ്ട കംപ്യൂട്ടർ സംവിധാനങ്ങൾ, ഫർണിച്ചർ, ഫോൺ എന്നിവയും അനുവദിച്ചിട്ടില്ല.
സ്റ്റേഷനിൽ ആകെയുള്ള 2 ജീപ്പുകളിൽ ഒന്ന് സിഐയ്ക്ക് അനുവദിച്ചിട്ടുണ്ട്. അതു കാരണം സ്റ്റേഷനിൽ ആവശ്യത്തിനു വാഹനങ്ങളില്ലാതായി.
പിന്നെയുള്ള ഒരു ജീപ്പ് പട്രോളിങ്ങിനു പോയാൽ അടിയന്തര സാഹചര്യത്തിൽ പുറത്തേക്കു പോകാൻ വാഹനങ്ങളില്ല. ഇവിടെ ബൈക്ക് പട്രോളിങ്ങിന് ബൈക്കും ഇല്ല.
പുത്തൂർ, കിഴക്കേക്കല്ലട സ്റ്റേഷനുകൾ പുത്തൂർ സിഐയുടെ അധികാര പരിധിയിലാണ്.
അഞ്ചാലുംമൂട്: ഒരു മുറിയിൽ എല്ലാവരും ഒന്നിച്ച്
അഞ്ചാലുംമൂട്, കിളികൊല്ലൂർ സ്റ്റേഷനുകളുടെ എസ്എച്ച്ഒയുടെ ഓഫിസ് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷന്റെ മുന്നിലെ ചെറിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഒരു മുറിയും ഒരു ഹാളും ഉണ്ടെങ്കിലും എസ്എച്ച്ഒയുടെ ഓഫിസ് പ്രവർത്തിക്കുന്നതിനുള്ള സ്ഥലസൗകര്യം ഇല്ല.
എസ്എച്ച്ഒയെ കൂടാതെ റൈറ്റർ ഉൾപ്പെടെ 4 പൊലീസ് ഉദ്യോഗസ്ഥരും ഇതേ കെട്ടിടത്തിലാണ് ഇരിക്കുന്നത്. എസ്ഐ ഹാളും ബാക്കി ഉദ്യോഗസ്ഥർ സമീപത്തെ മുറിയുമാണു ഉപയോഗിക്കുന്നത്.
തീരെ ഇടുങ്ങിയ മുറി ആയതിനാൽ ആകെ 2 പേർക്ക് മാത്രമേ ഇരിക്കാൻ കഴിയൂ. കൂടാതെ പരാതിയുമായി എത്തുന്നവർക്ക് ഇരിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇല്ല.
പരവൂരിൽ പുതിയ കെട്ടിടം വരും
പരവൂർ സർക്കിൾ ഇൻസ്പെക്ടറുടെ ഓഫിസ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. തറയോട് പാകുന്നതടക്കമുള്ള അവസാനഘട്ട
മിനുക്കുപണികളാണ് നടന്നു കൊണ്ടിരിക്കുന്നത്. പരവൂർ പൊലീസ് സ്റ്റേഷൻ വളപ്പിലെ കമ്യൂണിറ്റി പൊലീസ് റിസോഴ്സ് സെന്ററിന്റെ രണ്ട് നില കെട്ടിടത്തിലാണ് സർക്കിൾ ഓഫിസ് പ്രവർത്തനമാരംഭിക്കാൻ പോകുന്നത്.
കമ്യൂണിറ്റി പൊലീസിന്റെ പ്രവർത്തനങ്ങൾക്കായി 2017 ൽ പണികഴിപ്പിച്ച കെട്ടിടമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

