മഹാരാഷ്ട്രയിലെ വ്യവസായിയുടെ മകൻ കേതൻ വിശാൽ അഗർവാളിനെ പ്രതിശ്രുതവധു സിയ ഗോയലും കാമുകനും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് ഇവർ കൃത്യം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിൽ സിയയുടെ കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും പിടിയിലായിട്ടുണ്ട്. ജൂൺ 18-നാണ് സംഭവം നടന്നത്.
ലോഹഗഡ് കോട്ട സന്ദർശിക്കവേ, കേതൻ കാൽതെറ്റി കൊക്കയിൽ വീണതാണെന്നായിരുന്നു സിയ പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്.
തുടക്കത്തിൽ ഇതൊരു അപകടമരണമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ, മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ സിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരിക കുറിപ്പുകൾ സംശയത്തിനിടയാക്കി.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സിയ കുറിച്ചത് ഇങ്ങനെ: ‘എന്റെ ജന്മദിനത്തിൽ നീ എന്നെ തനിച്ചാക്കി പോയി. ഞാൻ നിന്നെ ഇത്രയധികം സ്നേഹിച്ചിട്ടും നീ എന്തിനാണ് എന്നെ വിട്ടുപോയത്? ആത്മാവിന് നിത്യശാന്തി നേരുന്നു’.
ഒപ്പം ഇരുവരും നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും ‘നീ ഇവിടെത്തന്നെയുണ്ടെന്ന് എന്റെ ഹൃദയത്തിനറിയാം. തിരിച്ചുവരൂ’ എന്ന ഹിന്ദി വരികളും സിയ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, സിയ നൽകിയ മൊഴികളിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് ഇവർക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് വ്യക്തമായി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, തങ്ങളുടെ പ്രണയബന്ധത്തിന് തടസ്സമാകുമെന്ന് കണ്ടാണ് കേതനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിക്കുകയായിരുന്നു. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

