പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്ത്, മകൾ സുറുമി, മകൻ ദുൽഖർ സൽമാൻ, മരുമകൾ അമാൽ സൂഫിയ എന്നിവരും സന്നിഹിതരായിരുന്നു. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം സമ്മാനിച്ചത്.
അഞ്ച് പതിറ്റാണ്ടിലേറെ നീളുന്ന അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ അംഗീകാരം. ഇതിനുമുമ്പ് 1998-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങളുടെ രണ്ടാംഘട്ട വിതരണ ചടങ്ങിൽ 65 പേരാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.
കേരളത്തിൽ നിന്ന് അഞ്ച് പേർ രാഷ്ട്രപതിയിൽ നിന്ന് നേരിട്ട് പുരസ്കാരങ്ങൾ സ്വീകരിച്ചു. ജസ്റ്റിസ് കെ.ടി.
തോമസ്, പി. നാരായണൻ എന്നിവർ പത്മവിഭൂഷൺ പുരസ്കാരങ്ങളും, മമ്മൂട്ടി, വെള്ളാപ്പള്ളി നടേശൻ എന്നിവർ പത്മഭൂഷൺ പുരസ്കാരങ്ങളും ഏറ്റുവാങ്ങി.
കലാമണ്ഡലം വിമലാ മേനോൻ പത്മശ്രീ പുരസ്കാരത്തിന് അർഹരായി. മൊത്തത്തിൽ എട്ട് മലയാളികൾക്കാണ് ഇത്തവണ പത്മ പുരസ്കാരങ്ങൾ ലഭിച്ചത്.
ചടങ്ങിൽ ക്രിക്കറ്റ് താരം രോഹിത് ശർമ, ചലച്ചിത്ര താരം ആർ. മാധവൻ എന്നിവരും പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

