തമിഴ്നാട്ടിലെ കൊടൈക്കനാലിൽ പ്രബലജാതിക്കാരുടെ പ്ലോട്ടിലേക്ക് കുതിര കയറിയെന്നാരോപിച്ച് ദളിത് യുവാവ് ക്രൂരമായി കൊല്ലപ്പെട്ടു. ദിണ്ടിഗൽ ജില്ലയിലെ ഉയർന്ന മലയോര മേഖലകളിലേക്ക് കുതിരപ്പുറത്ത് പച്ചക്കറി എത്തിക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്ന രാമർ, പ്രശാന്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ഇതിൽ രാമർ മരണപ്പെടുകയായിരുന്നു. കുതിര തന്റെ പറമ്പിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് പ്രദേശവാസിയായ പ്രബലജാതി വിഭാഗത്തിൽ പെട്ട
രഘു എന്നയാളും രാമറുമായി മുൻപും തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. ഇതിന്റെ തുടർച്ചയെന്നോണം, കഴിഞ്ഞ ദിവസം രാത്രിയോടെ കാറിലെത്തിയ രഘു രാമറിനെയും പ്രശാന്തിനെയും വീടിന് പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു.
ഇരുവരും വാഹനത്തിൽ കയറിയതിന് തൊട്ടുപിന്നാലെ അഞ്ച് പേരടങ്ങുന്ന സംഘം കാർ തടഞ്ഞുനിർത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉപേക്ഷിച്ച് അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് രാമറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട
പ്രശാന്ത് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു പിന്നാലെ പ്രധാന പ്രതിയായ രഘു പൊലീസ് സ്റ്റേഷനിൽ ഹാജരായി കീഴടങ്ങിയിട്ടുണ്ട്.
എന്നാൽ, കൂട്ടുപ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ഇത് ജാതിക്കൊലയായി കാണാനാകില്ലെന്നുമാണ് പൊലീസിന്റെ ഔദ്യോഗിക നിലപാട്.
അതേസമയം, കൊലപാതകത്തിൽ ശക്തമായ രാഷ്ട്രീയ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക, രാമറിന്റെ കുടുംബത്തിന് അർഹമായ ധനസഹായം അനുവദിക്കുക, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎമ്മും വിവിധ ദളിത് സംഘടനകളും റോഡ് ഉപരോധിച്ചുകൊണ്ട് ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

