ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവി വികസനത്തെയും ലക്ഷ്യങ്ങളെയും കുറിച്ച് സുപ്രധാനമായ നിരീക്ഷണങ്ങളുമായി ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു രംഗത്ത്. ലോകകപ്പ് യോഗ്യതയെക്കുറിച്ച് മാത്രമുള്ള ചര്‍ച്ചകള്‍ക്ക് അപ്പുറം, ഏഷ്യന്‍ ഫുട്ബോളിലെ ഏറ്റവും വലിയ വേദിയായ എഎഫ്സി ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ ദൗത്യം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഗുര്‍പ്രീത് സിംഗ് സന്ധു നിലപാട് വ്യക്തമാക്കിയത്. അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: ”ലോകകപ്പില്‍ നമ്മള് എന്തുകൊണ്ട് കളിക്കുന്നില്ല എന്നതിനെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നത് നല്ലതാണ്, അത് ആവശ്യവുമാണ്.
എന്നാല്‍ ഒരു കളിക്കാരന് എന്ന നിലയില്‍ എനിക്ക് പറയാനുള്ളത്, നമ്മള് ഏഷ്യന്‍ കപ്പില്‍ ഇല്ലാത്തതുകൊണ്ടാണ് ലോകകപ്പില്‍ എത്താത്തത് എന്നാണ്. ലോകകപ്പിലേക്ക് എത്തണമെങ്കില്‍ ആദ്യം ഏഷ്യന്‍ കപ്പില്‍ സ്ഥിരമായി കളിക്കുന്നവരും, അവിടെ നോക്കൗട്ട് ഘട്ടങ്ങളില്‍ എത്തുന്നവരുമായി മാറണം.
അതൊരു ഘട്ടം ഘട്ടമായുള്ള പ്രക്രിയയാണ്.” ഇന്ത്യന്‍ ഫുട്ബോളിന്റെ ഏഷ്യന്‍ കപ്പിലെ ചരിത്രം പരിശോധിച്ചാല്‍, അഞ്ച് തവണ മാത്രമാണ് ടീമിന് യോഗ്യത നേടാനായത്. 1964-ല്‍ റണ്ണറപ്പായതൊഴിച്ചാല്, ദീര്‍ഘകാലം ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യ അകന്നുനിന്നു.
2011-ലാണ് പിന്നീട് യോഗ്യത നേടിയതെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. 2019-ലെ ടൂര്‍ണമെന്റില്‍ തായ്ലന്‍ഡിനെതിരെ 4-1 ന് വിജയം കൈവരിച്ചെങ്കിലും, യുഎഇ, ബഹ്റൈന്‍ എന്നിവരോട് പരാജയപ്പെട്ടത് തിരിച്ചടിയായി.
2023-ലെ യോഗ്യതാ റൗണ്ടില്‍ കൊല്‍ക്കത്തയില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, പ്രധാന ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയ, ഉസ്ബക്കിസ്ഥാന്, സിറിയ എന്നീ ടീമുകളോട് തോറ്റ് ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. ലോകകപ്പിലെത്തുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് കുറുക്കുവഴികളില്ലെന്നും, മറിച്ച് ഏഷ്യന്‍ തലത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുകയാണ് ഇന്ത്യന്‍ ഫുട്ബോളിന്റെ മുന്നോട്ടുള്ള പാതയെന്നും ഗുര്‍പ്രീത് സിംഗ് സന്ധു അടിവരയിട്ടു പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

