സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വീഴ്ചകളെയും നേതൃത്വത്തിന്റെ പ്രവർത്തന ശൈലിയെയും രൂക്ഷമായി വിമർശിച്ച് അംഗങ്ങൾ. സ്ഥാനാർത്ഥി നിർണയത്തിൽ ഗുരുതരമായ പാളിച്ചകൾ സംഭവിച്ചുവെന്നും ചില നേതാക്കൾ ഏകപക്ഷീയമായ തീരുമാനങ്ങൾ കൈക്കൊണ്ടുവെന്നും യോഗത്തിൽ ആരോപണം ഉയർന്നു.
സ്ഥാനാർത്ഥികളെ ആസൂത്രിതമായി അടിച്ചേൽപ്പിക്കുന്ന പ്രവണത പാർട്ടിയിൽ ഉണ്ടായെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. വിമത നേതാക്കളെ അനുനയിപ്പിക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
നേതൃത്വം യഥാസമയം ഇടപെട്ടിരുന്നുവെങ്കിൽ വിമതർ മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം അതീവ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്.
പരാജയം ഞെട്ടിക്കുന്നതാണെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ ഗൗരവകരമായ നടപടികൾ അനിവാര്യമാണെന്നും പോളിറ്റ് ബ്യൂറോ (പിബി) കേന്ദ്ര കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ഒരിടത്തും ഇടതുഭരണം ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയുടെ മുന്നോട്ടുള്ള പോക്ക് സംബന്ധിച്ച് വലിയ ആശങ്കയാണ് യോഗത്തിൽ പങ്കുവെക്കപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

