തിരുവനന്തപുരം: വാമനപുരം നദിയിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞതോടെ പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത വീണ്ടും ചർച്ചയാകുന്നു. അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രം ഉറപ്പുകൾ നൽകുകയും പിന്നീട് അവ വിസ്മരിക്കുകയും ചെയ്യുന്ന പതിവ് ശൈലി നദിയിൽ തുടർച്ചയായി മരണങ്ങൾ സംഭവിക്കാൻ കാരണമാകുന്നുവെന്ന് ആക്ഷേപമുണ്ട്.
വർഷത്തിൽ ശരാശരി ആറ് പേരെങ്കിലും ഇവിടെ ജീവൻ വെടിയുന്നുവെന്നാണ് അനൗദ്യോഗിക കണക്കുകൾ. കഴിഞ്ഞ ദിവസം ടെക്നോപാർക്ക് ജീവനക്കാരിയും മണക്കാട് സ്വദേശിനിയുമായ പി.അനുപമയുടെ മരണം നാടിനെ വലിയൊരു ഞെട്ടലിലാഴ്ത്തിയിരുന്നു.
സമാനമായ ദുരന്തങ്ങൾ സമീപകാലത്തായി നിരവധിയാണ്. മുൻ വർഷങ്ങളിൽ ഐഐഎസ്ടി എംടെക് വിദ്യാർഥി എസ്.മോഹൻ രാജ്, നന്ദിയോട് കാലൻകാവ് സ്വദേശികളായ കാർത്തിക്, ബിനു, കല്ലറ സ്വദേശി മനോജ് എന്നിവരുടെ മരണം മേഖലയിലെ അപകടസാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു.
പെട്ടെന്നുള്ള ജലനിരപ്പ് ഉയർച്ച ഭീഷണി
പൊന്മുടി ചെമ്മഞ്ചിമൊട്ടയിൽ ഉത്ഭവിക്കുന്ന നദിയിൽ ജലനിരപ്പ് ഉയരുന്നത് അത്യന്തം വേഗത്തിലാണ്. ഇടയ്ക്ക് മഴ പെയ്യുമ്പോൾ അപ്രതീക്ഷിതമായ നീരൊഴുക്കും ശക്തമായ അടിയൊഴുക്കും ഉണ്ടാകാൻ സാധ്യതയുണ്ട്.
നദി കാണാൻ ശാന്തമാണെന്ന് തോന്നുമെങ്കിലും, അപരിചിതമായ സ്ഥലങ്ങളിൽ ഇറങ്ങുന്നത് അതീവ അപകടകരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അപകടക്കെണികൾ
നദിയിലെ പല ഭാഗങ്ങളിലും ആഴം തിരിച്ചറിയാൻ കഴിയാത്ത കയങ്ങളുണ്ട്.
പ്രദേശവാസികൾക്ക് പോലും പലപ്പോഴും ഈ അപകടം പിടിച്ച ഭാഗങ്ങൾ കൃത്യമായി കണ്ടെത്താൻ സാധിക്കാറില്ല. കല്ലാറിലെ ചില ഭാഗങ്ങളിൽ സുരക്ഷാ വേലികൾ സ്ഥാപിച്ചെങ്കിലും വട്ടക്കയം, ആഞ്ഞിലിക്കയം, ആനപ്പാറ പൊന്നമ്പിക്കോണം, ഇറച്ചിപ്പാറ, ചെറ്റച്ചൽ പൊട്ടൻചിറ തുടങ്ങിയ ഭാഗങ്ങളിൽ മതിയായ മുന്നറിയിപ്പ് സംവിധാനങ്ങൾ ഇപ്പോഴും അപര്യാപ്തമാണ്.
ബോധവത്കരണം അനിവാര്യം
സന്ദർശകർ പലപ്പോഴും നാട്ടുകാരുടെ മുന്നറിയിപ്പുകളെ അവഗണിക്കുന്ന പ്രവണതയുണ്ട്. അതിനാൽ, അധികൃതർ മുൻകൈയെടുത്ത് അപകടമേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കുകയും വേണം.
അപകടസാധ്യതയുള്ളയിടങ്ങളിൽ ഗൈഡുകളെ നിയമിച്ച് വിനോദസഞ്ചാരികൾക്ക് ബോധവത്കരണം നൽകുന്നത് ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

