തൃശൂർ: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രധാന സൂത്രധാരൻ പിടിയിൽ. ചങ്ങരംകുളം സ്വദേശിയായ അജ്മല്‍ (28) ആണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്.
വ്യാപകമായി വിപണനം നടത്തുന്നതിനായി 37 കിലോ കഞ്ചാവുമായി വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കവെയാണ് പൊലീസിന് നേരെ വധശ്രമമുണ്ടായത്. കഴിഞ്ഞ മാസം ജൂണ്‍ 17-നാണ് ഈ സംഭവം അരങ്ങേറുന്നത്.
അന്നേ ദിവസം തന്നെ മറ്റ് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അജ്മല്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശി സനല്‍ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിര്‍ (25) എന്നിവരാണ് അന്ന് പിടിയിലായത്.
ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെരുമ്പിലാവ് – പട്ടാമ്പി റോഡില്‍ വെച്ച് പ്രതികളുടെ വാഹനം തടയാൻ ശ്രമിച്ചത്. സ്വിഫ്റ്റ് കാറിലായിരുന്നു പ്രതികള്‍ സഞ്ചരിച്ചിരുന്നത്.
പൊലീസുകാർ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് വകവെയ്ക്കാതെ ഇവർ വേഗത കൂട്ടുകയായിരുന്നു. തുടര്‍ന്ന് ഇവർ സഞ്ചരിച്ചിരുന്ന കാർ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചു തകർക്കാൻ ശ്രമം നടന്നു.
അപകടമുണ്ടാക്കിയ ശേഷം വാഹനത്തില്‍ നിന്നിറങ്ങി ഓടിരക്ഷപ്പെടാനും പ്രതികള്‍ ശ്രമിക്കുകയുണ്ടായി. ഒടുവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സാഹസികമായി പിന്തുടർന്നാണ് ഇവരെ കീഴ്പടപ്പെടുത്തിയത്.
അയൽസംസ്ഥാനമായ ബെംഗളൂരുവിൽ നിന്നാണ് സംഘം കഞ്ചാവ് ശേഖരിച്ച് നാട്ടിലെത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പിടിയിലായ അജ്മലിനെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തോളം ക്രിമിനല്‍ കേസുകളും നാല് മയക്കുമരുന്ന് കേസുകളും നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

