ഡല്‍ഹി ജന്തര്‍ മന്തറിലെ വിദ്യാഭ്യാസ പ്രതിഷേധവുമായി ബന്ധപ്പെട്ട വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ മെറ്റ വിലക്കിയതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു.
സിജെപി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സൃഷ്ടിച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ വിലക്കിയെന്നാണ് പ്രധാന പരാതി. സിജെപിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് താത്കാലികമായി വിലക്കിയെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടുവെങ്കിലും നിലവില്‍ അക്കൗണ്ടുകള്‍ വീണ്ടും ലഭ്യമാകുന്നുണ്ട്.
ഇന്ന് രാവിലെ മുതല്‍ മെറ്റയുടെ ഭാഗത്തുനിന്ന് വ്യാപക നടപടികള്‍ ഉണ്ടാകുന്നുവെന്നാണ് വിദ്യാര്‍ഥികളുടെ സംശയം. തിങ്കളാഴ്ച നടന്ന സന്‍സത് ചലോ മാര്‍ച്ചില്‍ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ സംഘടിച്ചെത്തിയിരുന്നു.
ഇതിന്റെ ഏകോപനത്തിനും മറ്റുമായി വിവിധ വാട്ട്സ്ആപ്പ് കൂട്ടായ്മകള്‍ രൂപീകരിച്ചിരുന്നു. സ്റ്റുഡന്റ് മൂവ്മെന്റ് എന്ന് പേരിട്ടിട്ടുള്ള വിവിധ ഗ്രൂപ്പുകളാണ് വിലക്കിയതെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് മെറ്റയ്ക്ക് ഇത്തരം നിര്‍ദേശങ്ങള്‍ ലഭിച്ചിരിക്കാമെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. സിജെപിയുടെ പ്രധാന വക്താവായ സൗരവ് ദാസ്ന്റെ വാട്ട്സ്ആപ്പ് അക്കൗണ്ട് ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
സിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മരവിച്ചതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നെങ്കിലും അല്പ സമയം മുമ്പ് അവര്‍ക്ക് ആക്സസ് തിരികെ ലഭിക്കുകയുണ്ടായി. അതേസമയം, പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പു നല്കിയാല് നിരാഹാരം അവസാനിപ്പിക്കാമെന്ന് സോനം വാങ്ചുക് കേന്ദ്ര സര്‍ക്കാരിന് കത്ത് മുഖാന്തരം അറിയിച്ചിട്ടുണ്ട്.
നിരാഹാര സമരം അവസാനിപ്പിക്കാന്‍ സോനം വാങ്ചുകിനോട് സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്കെ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും വിദ്യാര്‍ഥി പ്രക്ഷോഭത്തിന് സെലിബ്രിറ്റികളില്‍ നിന്നുള്‍പ്പെടെയുള്ള പിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

