വിതുരയിലെ കാട്ടാന ആക്രമണത്തിൽ തകർന്ന സ്കൂൾ മതിലിന്റെ പുനർനിർമ്മാണം വൈകുന്നതായി പരാതി. വനത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന തലത്തൂതക്കാവ് ഗവ.
ട്രൈബൽ എൽപിഎസ്സിന്റെ മതിലാണ് കാട്ടാനക്കൂട്ടം തകർത്ത് മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ നന്നാക്കാത്തത്. ഏകദേശം 6 മാസം മുൻപാണ് കാട്ടാനക്കൂട്ടം സ്കൂളിന്റെ മതിൽ ഇടിപ്പിച്ചു കളഞ്ഞത്.
ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ്. മുൻകാലങ്ങളിൽ സ്കൂൾ അങ്കണത്തിലേക്ക് ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നിരന്തരം കയറിവരുമായിരുന്നു.
പിന്നീട് ചുറ്റുമതിൽ നിർമ്മിച്ചതോടെയാണ് ഇതിന് വലിയൊരു പരിഹാരമായത്. എന്നാൽ മതിലിന്റെ ഭൂരിഭാഗവും തകർക്കപ്പെട്ടതോടെ സ്കൂളിന്റെ സുരക്ഷ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
നിലവിൽ തടസ്സങ്ങളൊന്നുമില്ലാതെ വന്യമൃഗങ്ങൾക്ക് സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിക്കാമെന്ന സ്ഥിതിയാണുള്ളത്. വളപ്പിൽ കൃഷി ചെയ്തിരുന്ന കർഷകരുടെ വിളകളും മറ്റും ഇവ നശിപ്പിക്കുന്നുണ്ട്.
ഇതിനുപുറമേ സ്കൂൾ പരിസരത്ത് തെരുവ് നായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ പോലും നായ്ക്കൂട്ടങ്ങൾ സ്കൂൾ അങ്കണത്തിൽ കയറി ഭീതി പരത്തുന്നത് പതിവായി മാറിയിരിക്കുകയാണ്.
മതിൽ തകർന്നതുമൂലമുള്ള സുരക്ഷാപ്രശ്നം പ്രദേശവാസികൾ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രധാന പരാതി. സമാനമായ രീതിയിൽ ഈയിടെ കല്ലാർ ഗവ.
എൽപിഎസ്സിന്റെ മതിലും കാട്ടാനക്കൂട്ടം തകർത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

