കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ നിഗം കുമാറിന്റെ (19) മൃതദേഹം ഒടുവിൽ കണ്ടെത്തി. ഞായറാഴ്ചയാണ് യുവാവിനെ പുഴയിൽ കാണാതാകുന്നത്.
ഇതിനായുള്ള തെരച്ചിലിന്റെ നാലാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. വിലങ്ങാടുള്ള ഗ്യാസ് ഗോഡൗണിനു താഴെ ഭാഗത്ത് മരത്തിൽ തങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
തുടർ നടപടികളുടെ ഭാഗമായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിഗമിനെ കാണാതായ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കൾക്ക് ഔദ്യോഗിക പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കൈമാറും.
കഴിഞ്ഞ മൂന്നു ദിവസമായി നടത്തിയ തെരച്ചിലിൽ ഫലം കാണാത്തതിനെ തുടർന്ന് ബുധനാഴ്ച സന്നദ്ധ സംഘങ്ങളെയും അധിക സേനയെയും ഉൾപ്പെടുത്തി തെരച്ചിൽ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കിയിരുന്നു. ഡ്രോൺ പരിശോധനയും തീരങ്ങളിൽ ഡോഗ് സ്ക്വാഡിന്റെ സേവനവും ഉപയോഗപ്പെടുത്തിയായിരുന്നു ബുധനാഴ്ചത്തെ തെരച്ചിൽ നടത്തിയത്.
നാദാപുരം എംഎൽഎ കെ.എം.അഭിജിത്ത്, വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണിയൂർ എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ എട്ടു മണി മുതൽ ഇരുപഞ്ചായത്തുകളിലെയും യുവജന സംഘടനാ പ്രവർത്തകർ, ടിംബർ തൊഴിലാളികൾ, ക്ലബ്ബുകൾ, മോട്ടർ തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങി വിവിധ രംഗങ്ങളിലുള്ളവരുടെ വലിയ ജനകീയ പങ്കാളിത്തത്തോടെയുള്ള തെരച്ചിൽ സംഘടിപ്പിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്കു ശേഷം വിലങ്ങാട് കൂളിക്കാവ് ഭാഗത്ത് വാണിമേൽ പുഴയുടെ ഭാഗമായ ഉരുട്ടിയിൽ അഞ്ചംഗ സംഘത്തോടൊപ്പം പുഴയിലിറങ്ങിയ യുവാവാണ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടത്. ആകെ മൂന്നു പേരാണ് ഒഴുക്കിൽപ്പെട്ടത്.
ഇതിൽ രണ്ടു പേരെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും നിഗം കുമാറിനെ കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച മുതൽ അഗ്നിരക്ഷാസേനയും പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് വിലങ്ങാട് മുതൽ മുടിക്കൽപാലം വരെയുള്ള പ്രദേശങ്ങളിൽ വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ചൊവ്വാഴ്ച, വിലങ്ങാട്ടുനിന്ന് 15 കിലോമീറ്ററോളം അകലെയുള്ള വിഷ്ണുമംഗലം ബണ്ടിലേക്ക് ഒഴുക്കിൽപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ കല്ലാച്ചിക്ക് സമീപം അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം ആഴത്തിൽ മുങ്ങി പരിശോധനയും നടത്തിയിരുന്നു. പുഴയുടെ തുടക്ക ഭാഗങ്ങളിൽ ആഴം കുറവാണെങ്കിലും ശക്തമായ ഒഴുക്കും വലിയ പാറക്കെട്ടുകളും നിറഞ്ഞതാണ് തെരച്ചിൽ പ്രവർത്തനങ്ങൾ ഏറെ ദുഷ്കരമാക്കിയത്.
മുൻപ് ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മരത്തടികളും കല്ലുകളും അടിഞ്ഞുകൂടിയതും പാറകൾക്കിടയിലെ ഗുഹ സമാനമായ ഇടങ്ങളും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായി മാറി. വടകര തഹസിൽദാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും തെരച്ചിലിന്റെ ഭാഗമായി രംഗത്തുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

