പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ രൂക്ഷമായി വിമർശിച്ച് ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രംഗത്ത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യത്ത് അരാജകത്വത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിലെ അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി പ്രതിപക്ഷ നേതാവെന്ന ഭരണഘടനാ പദവിക്ക് തികച്ചും അപമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷാ ചോർച്ച ഉൾപ്പെടെയുള്ള ഏത് സുപ്രധാന വിഷയങ്ങളിലും പാർലമെന്റിൽ തുറന്ന ചർച്ചയ്ക്കും സംവാദത്തിനും കേന്ദ്ര സർക്കാർ സർവ്വസജ്ജമാണെന്ന് നിതിൻ നബീൻ ആവർത്തിച്ചു വ്യക്തമാക്കി.
എന്നാൽ സഭയിൽ ചർച്ചകൾക്ക് മുതിരാതെ തെരുവിൽ അരാജകത്വ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയുടെ നടപടി രാജ്യത്ത് അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം അടിയുറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, പ്രതിഷേധ സ്ഥലത്തെത്തി സമരം നടത്തിയവരുമായി അനുനയ ചർച്ചകൾ നടത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്ത പെരുമാറ്റമാണ് കോൺഗ്രസ് നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സമരക്കാരുമായി ചർച്ചകൾ നടത്തുവാൻ സർക്കാരിന്റെ ഭാഗത്തുനിന്നും തങ്ങളെയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ചർച്ചാ വേളയിൽ രാഹുൽ ഗാന്ധി യാതൊരു മടിയും കൂടാതെ തന്റെ നിലപാട് പെട്ടെന്ന് മാറ്റുകയാണുണ്ടായതെന്ന് മന്ത്രി എക്സ് പ്ലാറ്റഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെ വിശദീകരിച്ചു.
നീറ്റ് വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യുവാൻ സർക്കാർ തയ്യാറാണെങ്കിൽ സമരം പിൻവലിക്കാമെന്നായിരുന്നു രാഹുൽ ഗാന്ധി ആദ്യം ആവശ്യപ്പെട്ടത്.
സർക്കാരിന്റെ ഉയർന്ന തലങ്ങളിൽ ചർച്ച നടത്തിയ ശേഷം ഈ ആവശ്യം അംഗീകരിച്ചതായി അറിയിച്ചപ്പോൾ അദ്ദേഹം തന്റെ നിലപാടിൽ നിന്നും പൂർണ്ണമായി പിന്നോക്കം പോവുകയായിരുന്നുവെന്ന് ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി കൂടി ആവശ്യപ്പെട്ട് പുതിയൊരു ഉപാഡി കൂടി അദ്ദേഹം മുന്നോട്ടുവെക്കുകയായിരുന്നു.
ഒരു മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ പദവിയിലിരിക്കുന്ന വ്യക്തി നൽകിയ വാക്കുമാറ്റി സംസാരിക്കുന്നത് തികച്ചും നിർഭാഗ്യകരവും ജനാധിപത്യവിരുദ്ധവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത് പ്രതിഷേധത്തിന് അനുയോജ്യമായ രീതിയല്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള സമരരീതികൾ ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ ‘അത് തന്റെ തീരുമാനമാണ്’ എന്ന ധാർഷ്ട്യത്തോടെയുള്ള മറുപടിയാണ് രാഹുൽ ഗാന്ധി നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്തുവാൻ സർക്കാർ പൂർണ്ണമായും തയ്യാറാണെങ്കിലും, ഇതുവരെ ചട്ടപ്രകാരം ഔദ്യോഗിക നോട്ടീസ് നൽകാൻ പോലും കോൺഗ്രസ് പാർട്ടി തയ്യാറായിട്ടില്ലെന്നും ജിതേന്ദ്ര സിംഗ് എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

