വയനാട് ജില്ലയിലെ കല്പറ്റയ്ക്കടുത്തുള്ള സുൽത്താൻ ബത്തേരി വടക്കനാടിൽ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട രാജീവിന്റെ വസതി ലോക്സഭാ അംഗം പ്രിയങ്ക ഗാന്ധി സന്ദർശിച്ചു.
കഴിഞ്ഞ മാർച്ചിലാണ് കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് പരിശോധനയ്ക്കായി പോയ രാജീവിനെ റോഡിൽ വെച്ച് കാട്ടാന ആക്രമിച്ചത്. പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം തടയുന്നതിനുള്ള പ്രതിരോധ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് രാജീവിന്റെ കുടുംബാംഗങ്ങൾ പ്രിയങ്ക ഗാന്ധിയോട് വ്യക്തമാക്കുകയുണ്ടായി.
റോഡുകളിലേക്ക് കാട്ടാനകൾ ഇറങ്ങുന്നത് പ്രതിരോധിക്കാൻ വാച്ചർമാരുടെ സേവനം ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കുടുംബത്തിന്റെ പരാതികളിൽ വനം വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥർ പ്രിയങ്ക ഗാന്ധിക്ക് വിശദീകരണം നൽകി.
കുടുംബത്തിന്റെ ആവശ്യങ്ങൾ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയ അവർ, രാജീവിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. സന്ദർശന വേളയിൽ ഐ.സി.
ബാലകൃഷ്ണൻ എം.എൽ.എയും ഒപ്പമുണ്ടായിരുന്നു. ഇതിനുപുറമേ, സുൽത്താൻ ബത്തേരിയിലെ മുള്ളൻകൊല്ലിയിൽ വെച്ച് കുരുമുളക് കർഷകരുടെ പ്രതിനിധികളുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തി.
കർഷകർ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾ അവർ നേരിട്ട് കേട്ടറിഞ്ഞു. ഗുണനിലവാരമുള്ള കുരുമുളക് കൊടികൾ ലഭ്യമല്ലാത്തതും, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വരൾച്ചയും, മതിയായ ജലസേചന സൗകര്യങ്ങളുടെ കുറവും കർഷകരെ ദുരിതത്തിലാക്കുന്നുണ്ട്.
കൂടാതെ, കഴിഞ്ഞ പത്ത് വർഷത്തോളമായി കുരുമുളകിന് അർഹമായ വില വർധിക്കാത്തതും കർഷക സമൂഹത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് എന്ന് കർഷകർ പരാതിപ്പെട്ടു. ഐ.സി.
ബാലകൃഷ്ണൻ എം.എൽ.എ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ഈ ചർച്ചയിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

