ദില്ലി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാക്കളെ മോചിപ്പിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ളവരെയാണ് മൂന്ന് മണിക്കൂറിനു ശേഷം വിട്ടയച്ചത്.
പ്രതിപക്ഷത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക, പ്രതിഷേധക്കാർക്കെതിരെ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കുക, നീറ്റ് ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് പാർലമെന്റിൽ സമഗ്രമായ ചർച്ച നടത്തുക എന്നിവയാണ് പ്രതിപക്ഷം മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ. ജനപ്രതിനിധികളോട് ദില്ലി പൊലീസ് ക്രൂരമായ രീതിയിലാണ് പെരുമാറിയതെന്നും പാർലമെന്റിനകത്തും പുറത്തും പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഛത്രസാൽ പൊലീസ് സ്റ്റേഷനിൽ വെച്ചാണ് രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരെ മോചിപ്പിച്ചത്. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് പ്രിയങ്ക ഗാന്ധിയെ പുറത്തുവിട്ടത്.
നേതാക്കളെ കാണാൻ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. രാത്രി ഒമ്പതരയോടെയാണ് മുഴുവൻ നേതാക്കളെയും പൊലീസ് മോചിപ്പിച്ചത്.
സ്റ്റേഷനുകൾക്ക് മുന്നിൽ വൻതോതിൽ പ്രവർത്തകർ തടിച്ചുകൂടുകയും വീണ്ടും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തതോടെയാണ് നേതാക്കളെ വിട്ടയക്കാൻ അധികാരികൾ തയ്യാറായത്. പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര സർക്കാരിനും ദില്ലി പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി.
ബലപ്രയോഗത്തിനിടയിൽ തന്റെ വസ്ത്രങ്ങൾ പോലും പൊലീസ് വലിച്ചുകീറിയെന്ന് അവർ ആരോപിച്ചു. സമാധാനപരമായ പ്രതിഷേധം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും, വിദ്യാർത്ഥികളുടെയും ജനപ്രതിനിധികളുടെയും ശബ്ദം അടിച്ചമർത്താനാണ് കേന്ദ്ര സർക്കാരും പൊലീസും ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
നാളെ മുതൽ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

