പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കപ്പെട്ടതായി പൊലീസ് റിപ്പോർട്ട്. ചടങ്ങിൽ ഔദ്യോഗിക പദവിയിലുള്ള ഉദ്യോഗസ്ഥർ തന്നെ സുരക്ഷാ ക്രമീകരണങ്ങൾ അവഗണിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന്, വിഷയം ഗൗരവമായി പരിഗണിച്ച് സിറ്റി പൊലീസ് കമ്മിഷണറോട് ഡിജിപി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.
സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് മേധാവിയും പ്രത്യേക അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. സത്യപ്രതിജ്ഞാ വേദിയിൽ മുൻകൂട്ടി നിശ്ചയിച്ച ലിസ്റ്റിൽ ഉൾപ്പെടാത്തവർ കടന്നുകയറിയ സംഭവത്തിൽ, അത്തരം വ്യക്തികളുടെ ദൃശ്യങ്ങളും ചിത്രങ്ങളും ശേഖരിക്കാനാണ് സ്പെഷൽ ബ്രാഞ്ചിന്റെ നിർദേശം.
സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരെ തടയാൻ ശ്രമിച്ച ഐഎഎസ് ഉദ്യോഗസ്ഥർ തട്ടിക്കയറിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ചട്ടങ്ങൾ പാലിക്കേണ്ട
ഉദ്യോഗസ്ഥർ തന്നെ അത് ലംഘിച്ചത് വലിയ വീഴ്ചയായാണ് പൊലീസ് വിലയിരുത്തുന്നത്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും തീരുമാനത്തിന് വിട്ടിരിക്കുകയാണ്.
രാഹുൽ ഗാന്ധി ഉൾപ്പെടെ എട്ടുപേർക്ക് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിൽ ലോക് ഭവൻ നൽകിയ പട്ടികയിൽ ഉള്ളവർക്ക് മാത്രമായിരുന്നു വേദിയിൽ പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ, ഇത് വകവെക്കാതെ ഐഎഎസ് ഉദ്യോഗസ്ഥരും, അണ്ടർ സെക്രട്ടറിമാർ, ഡപ്യൂട്ടി സെക്രട്ടറിമാർ തുടങ്ങിയവരും വേദിയിൽ നിലയുറപ്പിച്ചു.
കൂടാതെ, ജനപ്രതിനിധികൾക്കൊപ്പം എത്തിയ പ്രവർത്തകർ അതിസുരക്ഷാ മേഖലയിൽ തിക്കും തിരക്കും ഉണ്ടാക്കിയതും സുരക്ഷാ ക്രമീകരണങ്ങളെ ബാധിച്ചു. വിവിഐപികൾക്ക് നിശ്ചയിച്ചിരുന്ന പ്രവേശന മാർഗം തടസ്സപ്പെട്ടതിനെത്തുടർന്ന്, ഗ്രീൻ റൂമിന് സമീപമുള്ള വഴിയായാണ് ഇവർക്ക് വേദിയിലേക്ക് പ്രവേശിക്കേണ്ടി വന്നതെന്നും പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

