ദുബായിലെ ഇരുപത് വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ടാണ് കൊല്ലാട് മലമേൽക്കാവ് കല്ലുങ്കൽക്കടവ് മുല്ലശേരി പുത്തൻവീട്ടിൽ ഉമ്മൻ ജോൺ സ്വപ്നഭവനം നിർമിച്ചത്. നിർമാണം പൂർത്തിയായ സമയത്താണ് സിൽവർലൈൻ പദ്ധതിയുടെ അലൈൻമെന്റ് തന്റെ വീടിന് മുകളിലൂടെയാണെന്ന് മാതാവ് എലിസബത്ത് ജോൺ തിരിച്ചറിയുന്നത്.
എംടി സെമിനാരി സ്കൂളിലെ വിരമിച്ച ഡപ്യൂട്ടി ഹെഡ്മിസ്ട്രസായ എലിസബത്ത്, മകൻ വിവരമറിയാതെ തന്നെ പദ്ധതിക്കെതിരായ സമരങ്ങളിൽ പങ്കുചേർന്നിരുന്നു. നിലവിൽ ഇത്യോപ്യയിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മാനേജരായ ഉമ്മൻ ജോൺ അടുത്ത വർഷം നാട്ടിലെത്തുമ്പോൾ ഗൃഹപ്രവേശം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
അതേസമയം, സിൽവർലൈൻ പദ്ധതി പിൻവലിച്ചതായുള്ള അറിയിപ്പിന് പിന്നാലെ മാടപ്പള്ളിയിൽ ആശ്വാസത്തിന്റെ അന്തരീക്ഷമാണ്. റീത്ത് പള്ളി ജംക്ഷനിലെ സമരപ്പന്തൽ പൊളിക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി.സതീശന്റെ സാന്നിധ്യം സമരസമിതി പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ട്.
പദ്ധതി അധികാരത്തിലെത്തിയാൽ പിൻവലിക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനം മുഖ്യമന്ത്രി പാലിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടപ്പോൾ, “‘നിങ്ങൾ പ്രതീക്ഷിക്കുന്ന വാർത്ത ഉടനെ എത്തും’” എന്ന് അദ്ദേഹം ഉറപ്പുനൽകിയതായി സമരസമിതി പ്രതിനിധികൾ വ്യക്തമാക്കി.
ഔദ്യോഗിക ഉത്തരവ് വരുന്നതോടെ സമരം അവസാനിപ്പിക്കാനാണ് സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ വൈകിട്ട് അഞ്ചിന് കോട്ടയം ഗാന്ധി സ്ക്വയറിൽ വിക്ടറി ഡേ ആഘോഷിക്കും.
2022 ഏപ്രിൽ 20-ന് മാടപ്പള്ളി റീത്തുപള്ളി ജംക്ഷനിൽ തുടങ്ങിയ സ്ഥിരം സമരപ്പന്തലിന് ഇന്നലെ 1490 ദിവസങ്ങൾ പിന്നിട്ടു. സമരനായിക റോസ്ലിൻ ഫിലിപ്പിന്റെ പുരയിടത്തിലാണ് പന്തൽ സ്ഥിതി ചെയ്യുന്നത്.
അന്ന് റോസ്ലിനെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. അന്ന് ആ കാഴ്ച കണ്ട് നിലവിളിച്ചോടിയ മകൾ സോമിയ മെറിൻ ഫിലിപ്പ് (12) ഇന്നലെ സമരവേദിയിലെത്തി സന്തോഷം പങ്കുവെച്ചു.
“‘ഇപ്പോൾ ഞാൻ ഹാപ്പിയാണ്.. മുഖ്യമന്ത്രി പറഞ്ഞില്ലോ കെറെയിൽ വരില്ലെന്ന്.
അന്ന് റോഡിൽ ഉരഞ്ഞ് അമ്മയുടെ കയ്യും കാലും പൊട്ടി ചോര വന്നിട്ടും പൊലീസ് ജീപ്പിലേക്ക് തള്ളിക്കയറ്റി.’” സോമിയ പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചെന്ന വാർത്തയറിഞ്ഞതോടെ റോസ്ലിനും സോമിയയും ചേർന്ന് തങ്ങളെ പൊലീസ് വലിച്ചിഴച്ച അതേ സ്ഥലത്തിരുന്ന് വിജയം ആഘോഷിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

