കൊല്ലം ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു. ശക്തികുളങ്ങരയിൽ പുതുതായി നിർമിക്കുന്ന സാഗരസംഗമം ഓഷ്യാനിക് പാർക്കിന് വിനോദ സഞ്ചാര വകുപ്പിൽ നിന്ന് 4 കോടി രൂപ അനുവദിക്കും.
പദ്ധതിയുടെ രൂപരേഖ ആർക്കിടെക്ട് വി.ആർ.ബാബുരാജ് അവതരിപ്പിച്ചയുടൻ പദ്ധതി ഏറ്റെടുത്ത് തുക അനുവദിക്കാമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ് ഉറപ്പു നൽകുകയായിരുന്നു. ജില്ലയിലെ പ്രധാന നഗരമേഖലകളിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള മറ്റ് പദ്ധതികളും അവലോകന യോഗത്തിൽ തീരുമാനമായി.
പുള്ളിക്കടയിലെ ജനങ്ങളുടെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരുമായി ഉന്നതതല യോഗം ചേരുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ചിന്നക്കടയിൽ നിലവിലുള്ള ഉയരപ്പാത പൊളിച്ചുനീക്കി പകരം സ്കൈവേ- അർബൻ പാർക്ക് പദ്ധതി നടപ്പാക്കാനും തീരുമാനമായി.
കൊല്ലം കോർപറേഷൻ മേഖലയിലെ വിവിധ വികസന പദ്ധതികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി മേയർ എ.കെ ഹഫീസിന്റെ അധ്യക്ഷതയിലാണ് അവലോകന യോഗം ചേർന്നത്. യോഗത്തിൽ മന്ത്രിമാരായ ഷിബു ബേബി ജോൺ, പി.സി.വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എൻ.കെ പ്രേമചന്ദ്രൻ എംപി തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു.
ജില്ലയിലെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി നഗരത്തിന് പുതിയ മുഖച്ഛായ നൽകുമെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു. യോഗത്തിൽ വിഷ്ണു മോഹൻ എംഎൽഎ, ഡപ്യൂട്ടി മേയർ കരുമാലിൽ ഡോ.
ഉദയാ സുകുമാരൻ, കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷരായ എം.എസ്.ഗോപകുമാർ, വിൻസി ബൈജു, എ.സദക്കത്ത്, ടി.ലൈലാകുമാരി, കുരുവിള ജോസഫ്, എം.രാജശ്രീ, എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് സി.ബാബു, ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി.ഗിരീഷ് എന്നിവർക്ക് പുറമെ ഹാർബർ എൻജിനീയറിങ്, ഇറിഗേഷൻ, ഇൻലാൻഡ് നാവിഗേഷൻ, ജല അതോറിറ്റി, ടൂറിസം വകുപ്പു തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

