ആറന്മുള ഗവ. എച്ച്എസ്എസിലെ വിദ്യാർഥികളും സ്കൂൾ ഡൈനിങ് ഹാളിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ കുട്ടികളും ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ്.
സ്കൂളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി നിർമിച്ച ഡൈനിങ് ഹാളിൽ വർഷങ്ങളായി അങ്കണവാടി പ്രവർത്തിക്കുന്നതാണ് പ്രധാന പ്രശ്നം. സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇതിലൂടെ പൂർണമായും നഷ്ടപ്പെടുകയാണ്.
പ്രസ്തുത കെട്ടിടത്തിൽ നിന്ന് അങ്കണവാടി മാറ്റി സ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ ഇരുനൂറ്റി അൻപതോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ 187 കുട്ടികളാണ് ഉച്ചഭക്ഷണം കഴിക്കുന്നത്.
ഇവർക്കായി 2018-ൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ഡൈനിങ് ഹാളും കഞ്ഞിപ്പുരയും നിർമിച്ചത്. എന്നാൽ നിലവിൽ 50 കുട്ടികൾക്ക് പോലും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സ്ഥലസൗകര്യം ഇവിടെയില്ല.
കെട്ടിടം നിർമാണം പൂർത്തിയായ കാലം മുതൽ അങ്കണവാടി ഇവിടെയാണ് പ്രവർത്തിക്കുന്നത്. സ്കൂളിലെ പഴയ ഓടിട്ട
കെട്ടിടത്തിന്റെ കിഴക്കേയറ്റത്തെ ക്ലാസ് മുറിയിലായിരുന്നു നേരത്തേ അങ്കണവാടി പ്രവർത്തിച്ചിരുന്നത്. ക്ലാസ് മുറിയിൽ ടൈൽ പാകുന്ന ജോലികൾക്കായി അങ്കണവാടി താത്കാലികമായി ഡൈനിങ് ഹാളിലേക്ക് മാറ്റുകയായിരുന്നു.
നിർമാണം പൂർത്തിയായാലുടൻ അങ്കണവാടി ഇവിടെനിന്ന് മാറ്റാമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും, എട്ടു വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. നിലവിൽ ഏഴ് കുട്ടികളുള്ള അങ്കണവാടിയുടെ പഠനമുറിയും അടുക്കളയും കളിയുപകരണങ്ങളും വിശ്രമസ്ഥലവും ഈ ഒറ്റ മുറിയിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഉച്ചയാകുമ്പോൾ 187 വിദ്യാർഥികൾ കൂടി ഭക്ഷണം കഴിക്കാൻ എത്തുന്നതോടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഗവ.
എച്ച്എസ്എസിൽ നിലവിൽ ക്ലാസുകൾ നടത്താനുള്ള മുറികൾ മാത്രമാണുള്ളത്. വിദ്യാഭ്യാസ വകുപ്പ് പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപ അനുവദിച്ചെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
അങ്കണവാടി സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയാൽ ഇരു കൂട്ടർക്കും ആശ്വാസമാകുമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇതിനായുള്ള തുടർനടപടികൾ സ്വീകരിക്കേണ്ടത് പഞ്ചായത്താണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

