തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശി കെ.കെ. പ്രദീപ് (40) എട്ട് വർഷമായി പുലർത്തിവന്ന പ്രത്യേക വ്രതാനുഷ്ഠാനം പൂർത്തിയാക്കി.
2018-ൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെത്തുടർന്നാണ് സംസ്ഥാനത്ത് പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ ഭരണം അവസാനിക്കാതെ മുടിയും താടിയും മുറിക്കില്ലെന്ന് പ്രദീപ് ശപഥമെടുത്തത്.
ഈ കാലയളവിനുള്ളിൽ അയ്യപ്പ ഭക്തിയുടെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വർഷത്തോളം അദ്ദേഹം ഓട്ടോറിക്ഷയിൽ കേരളത്തിലുടനീളം സഞ്ചരിച്ചിരുന്നു. അയ്യപ്പ ഭക്തർക്കിടയിൽ ഐക്യം ആവശ്യപ്പെട്ടുള്ള പ്രചാരണ പരിപാടികളും അദ്ദേഹം നടത്തിയിരുന്നു.
തന്റെ ശപഥം പൂർത്തിയായതായി പ്രഖ്യാപിച്ചുകൊണ്ട് ഇന്നലെ നീട്ടി വളർത്തിയ താടിയുടെയും മുടിയുടെയും അറ്റം പ്രദീപ് മുറിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പങ്കുവെക്കുകയും നാട്ടുകാർക്കായി പായസ വിതരണം നടത്തുകയും ചെയ്തു.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. നിലവിൽ ഓൺലൈൻ വഴിയുള്ള ജോലി തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

