സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയെത്തുടർന്ന് ഗതാഗതം സ്തംഭിക്കുകയും സാധാരണ ജീവിതം തടസ്സപ്പെടുകയും ചെയ്തു. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാനപാതയിൽ വെള്ളം കയറി യാത്രാബസ് വെള്ളത്തിൽ കുടുങ്ങി.
കണ്ണൂർ ശ്രീകണ്ഠപുരം തുമ്പേനിയിലാണ് സംഭവം നടന്നത്. ചന്ദനക്കാംപാറയിൽ നിന്നും കോട്ടയത്തേക്ക് സർവീസ് നടത്തുന്ന നിർമ്മല ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാനപാതയിൽ മടമ്പം തുമ്പേനിയിലെ റോഡിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നു. ഇതേത്തുടർന്നാണ് ബസ് വെള്ളത്തിൽ കുടുങ്ങിയത്.
ബസ്സിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ഉടനടി സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞത് വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം നാട്ടുകാർ ഒത്തുകൂടി വടംകെട്ടി വലിച്ചാണ് ബസ് വെള്ളത്തിൽ നിന്ന് പുറത്തെത്തിച്ചത്.
റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാനപാതയിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്. പ്രദേശത്ത് സമാന്തര പാതയിലൂടെ ചെറിയ വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്.
എന്നാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

