കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിൽ മഴക്കാലത്തെ മുന്നിൽക്കണ്ട് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു.
രാത്രികാലങ്ങളിൽ കാഴ്ച വ്യക്തമാക്കുന്നതിനായി നിർമാണസ്ഥലങ്ങളിലെ ബാരിക്കേഡുകളിൽ കൂടുതൽ റിഫ്ലക്ടറുകളും റിഫ്ലക്ടീവ് ടേപ്പുകളും ഘടിപ്പിച്ചു. കൂടാതെ, ബാരിക്കേഡുകൾ പുനഃക്രമീകരിക്കുകയും ഗതാഗത വ്യതിയാനം സംഭവിക്കുന്ന ഇടങ്ങളിലും തിരിവുകളിലും ആവശ്യമായ സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
നിർമാണം പൂർത്തിയായ ഭാഗങ്ങളിലെ ബാരിക്കേഡുകൾ നീക്കം ചെയ്യുന്നതിനും, വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കുമായി കൂടുതൽ റോഡ് ക്രോസിങ്ങുകൾ ക്രമീകരിക്കുന്നതിനും നടപടി സ്വീകരിച്ചു. റോഡുകളിലെ കാഴ്ചാതടസം ഒഴിവാക്കാൻ ചില ഭാഗങ്ങളിൽ ബാരിക്കേഡുകളുടെ ഉയരം കുറച്ചിട്ടുണ്ട്.
ഗതാഗത നിയന്ത്രണത്തിനും കാൽനടയാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനുമായി മെട്രോ അലൈൻമെന്റിലുടനീളം അധിക ട്രാഫിക് വാർഡൻമാരെ വിന്യസിക്കാനും തീരുമാനിച്ചു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നിർമാണ മേഖലകളിൽ കർശന നിർദേശങ്ങളാണ് കരാറുകാർക്ക് നൽകിയിട്ടുള്ളത്.
നിർമാണ സാമഗ്രികൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും, മഴക്കാലം അവസാനിക്കുന്നതുവരെ റോഡരികുകളിൽ നിർമാണ സാമഗ്രികൾ കൂട്ടിയിടരുതെന്നും കെഎംആർഎൽ നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അഴുക്കുചാലുകളും കാനകളും വൃത്തിയാക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞു.
അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി സാങ്കേതിക വിദഗ്ധരും സുരക്ഷാ ജീവനക്കാരും അടങ്ങുന്ന എമർജൻസി റെസ്പോൺസ് ടീമുകളെ എല്ലാ നിർമാണ കേന്ദ്രങ്ങളിലും സജ്ജമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. മഴക്കാല സുരക്ഷാ ക്രമീകരണങ്ങൾ തുടർച്ചയായി നിരീക്ഷിക്കുമെന്നും കെഎംആർഎൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

