സംസ്ഥാനത്തെ ബൃഹദ് പദ്ധതികൾക്ക് സാമ്പത്തിക അടിത്തറയൊരുക്കാനായി രൂപീകരിച്ച കിഫ്ബിയുടെ (KIIFB) വരുംകാല പ്രവർത്തനം സംബന്ധിച്ച നിർണായക തീരുമാനങ്ങൾ നാളത്തെ ബജറ്റിൽ ഉണ്ടായേക്കും. സമാന്തര സർക്കാരായി വളർന്നുവെന്ന വിമർശനങ്ങൾക്ക് വിധേയമായ കിഫ്ബിയെ പിരിച്ചുവിടുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
നിലവിൽ 56,000 കോടി രൂപയുടെ ബാധ്യതയുള്ള സാഹചര്യത്തിൽ, ധനകാര്യ മാനേജ്മെന്റ് സംവിധാനത്തിൽ സമഗ്രമായ അഴിച്ചുപണി നടത്താനാണ് സാധ്യത. ധവളപത്രത്തിലെ നിർദേശങ്ങൾ
ധവളപത്രത്തിൽ ഉന്നയിക്കപ്പെട്ട
പ്രധാന പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നടപടികളാകും ബജറ്റിൽ ഉൾപ്പെടുത്തുക. പ്രധാനമായും പെട്രോളിയം സെസ്, മോട്ടോർ വാഹന നികുതി എന്നിവ കിഫ്ബി നേരിട്ട് പിരിക്കുന്ന രീതിക്ക് മാറ്റം വരുത്താൻ സാധ്യതയുണ്ട്.
കഴിഞ്ഞ പത്തു വർഷത്തിനിടെ മോട്ടോർ വാഹന നികുതിയായി 17,593 കോടി രൂപയും ഇന്ധന സെസായി 4929 കോടി രൂപയുമാണ് കിഫ്ബി സമാഹരിച്ചത്. ഈ വരുമാനം സർക്കാർ നേരിട്ട് ഏറ്റെടുക്കുന്നതോടെ പ്രതിവർഷം ശരാശരി 2300 കോടി രൂപയുടെ അധിക വരുമാനം ഖജനാവിലെത്തും.
കടമെടുപ്പിലെ നിയന്ത്രണങ്ങൾ
സർക്കാരിനേക്കാൾ ഉയർന്ന നിരക്കിൽ വായ്പയെടുക്കുന്നുവെന്നതും, കിഫ്ബിയുടെ ബാധ്യത സർക്കാരിന്റേതായി കണക്കാക്കപ്പെടുന്നതും വലിയ സാമ്പത്തിക വെല്ലുവിളിയാണെന്ന് ധവളപത്രം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഹരിക്കാൻ കിഫ്ബിയുടെ നേരിട്ടുള്ള വായ്പാ അധികാരത്തിന് കടിഞ്ഞാണിടാൻ സാധ്യതയുണ്ട്.
വായ്പയുടെ ഒരു വിഹിതം സർക്കാർ നേരിട്ട് നൽകുന്ന രീതിയിലേക്ക് മാറിയേക്കും. പ്രവർത്തന മേഖലയിലെ മാറ്റങ്ങൾ
വരുമാനം ലഭിക്കാത്ത ഏജൻസിയായി കിഫ്ബി മാറിയെന്ന ആരോപണത്തെത്തുടർന്ന്, റോഡുകൾ, പാലങ്ങൾ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പിലേക്ക് പൂർണ്ണമായി തിരികെ നൽകിയേക്കും.
പകരം, ലാഭകരമായ പദ്ധതികളിലേക്ക് നിക്ഷേപം മാറ്റാനാണ് നിർദേശം. ധനവകുപ്പിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലേക്ക് കിഫ്ബിയെ കൊണ്ടുവരുന്നതിനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും.
കൂടാതെ, നിലവിൽ ഡെപ്യൂട്ടേഷനിലും ദിവസ വേതനാടിസ്ഥാനത്തിലുമായി ജോലി ചെയ്യുന്ന 512 ജീവനക്കാരുടെ കാര്യത്തിലും അഴിച്ചുപണി പ്രതീക്ഷിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

