സംസ്ഥാനത്ത് നിപ രോഗബാധയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അയവു വരുന്നു.
രോഗികളുമായി സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഒരാൾ കൂടി നിരീക്ഷണം പൂർത്തിയാക്കി ആശുപത്രി വിട്ടു. ഇതോടെ, രോഗലക്ഷണങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട
ഒൻപത് പേരിൽ ആറുപേർ ഇതിനോടകം രോഗമുക്തരായി മടങ്ങി. നിലവിൽ മൂന്നുപേർ മാത്രമാണ് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളത്.
നിപ ബാധിതനായ രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ ഇന്ന് പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല.
നിലവിൽ 104 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ നാല് പേർ ഹൈ റിസ്ക് വിഭാഗത്തിലും, 14 പേർ ഉയർന്ന റിസ്ക് വിഭാഗത്തിലും, 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്.
രാമനാട്ടുകര മുനിസിപ്പാലിറ്റി അഞ്ചാം ഡിവിഷനിലെ 50 വീടുകളിൽ ആരോഗ്യ പ്രവർത്തകർ ഇന്നും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സന്ദർശനം നടത്തി. അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർധിക്കുന്നതിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിർദേശം നൽകി.
ഇന്ന് മാത്രം 19 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് (9), തൃശൂർ (3), കണ്ണൂർ (2), തിരുവനന്തപുരം (2), കൊല്ലം (1), എറണാകുളം (1), മലപ്പുറം (1) എന്നിങ്ങനെയാണ് കണക്കുകൾ.
ഈ വർഷം ഇതുവരെ 186 പേർക്ക് ഷിഗെല്ല ബാധിച്ചു; ഇതിൽ 110 കേസുകളും റിപ്പോർട്ട് ചെയ്തത് ജൂൺ മാസത്തിലാണ്. നിലവിൽ കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിൽ രോഗവ്യാപനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, ഡെങ്കിപ്പനി ബാധിച്ച് തൃശൂർ നാട്ടികയിൽ ഒരാൾ മരിച്ചു. ഇന്ന് സംസ്ഥാനത്ത് 68 പേർക്ക് കൂടി ഡെങ്കി സ്ഥിരീകരിച്ചു.
അമീബിക്ക് മസ്തിഷ്ക ജ്വരം ഒരാൾക്ക് കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. മഴക്കാല രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ‘വയറിളക്കരോഗങ്ങൾ തടയാം, ജീവൻ രക്ഷിക്കാം’ എന്ന മുദ്രാവാക്യവുമായി ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചു.
ജൂൺ 16 മുതൽ ജൂലൈ 31 വരെ നീളുന്ന ക്യാമ്പയിൻ വഴി പൊതുജനാരോഗ്യ ബോധവത്കരണവും പ്രതിരോധ നടപടികളും കർശനമാക്കും. വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ ഏകോപനത്തോടെ ശുചിത്വ പരിപാലനം, കുടിവെള്ള അണുവിമുക്തമാക്കൽ, കൈകഴുകൽ ശീലം, മാലിന്യ നിർമ്മാർജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
അങ്കണവാടികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഒ.ആർ.എസ്, സിങ്ക് എന്നിവയുടെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

