തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പൊളിച്ചു നീക്കി മാസങ്ങൾ പിന്നിട്ടിട്ടും പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് യാത്രക്കാരെയും ജീവനക്കാരെയും വലിയ ദുരിതത്തിലാക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ടെർമിനൽ നിർമാണത്തിനായി കഴിഞ്ഞ മാർച്ച് 7-നാണ് പഴയ കെട്ടിടം പൊളിച്ചു നീക്കിയത്.
അന്നത്തെ ഗതാഗത വകുപ്പ് ചുമതലയുണ്ടായിരുന്ന കെ.ബി.ഗണേഷ്കുമാറായിരുന്നു നിർമാണോദ്ഘാടനം നിർവഹിച്ചത്. 20 കോടി രൂപ ചെലവിൽ നടപ്പിലാക്കാൻ ലക്ഷ്യമിട്ട
പദ്ധതിക്കായി പി.ബാലചന്ദ്രൻ എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് 7 കോടി രൂപയും, നവകേരള സദസ്സ് ഫണ്ടിൽ നിന്ന് 5 കോടി രൂപയും, ആസ്തി വികസന ഫണ്ടിൽ നിന്ന് 2.5 കോടി രൂപയുമാണ് വകയിരുത്തിയിരുന്നത്. സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന മൂന്നു നില കെട്ടിടം, ഒരേസമയം 24 ബസുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യം, റെയിൽവേ സ്റ്റേഷനും കെഎസ്ആർടിസി സ്റ്റാൻഡും ബന്ധിപ്പിക്കുന്ന ആകാശപ്പാത, കന്റീൻ, ശുചിമുറി സമുച്ചയം, വെയിറ്റിങ് ഏരിയ, മുലയൂട്ടൽ കേന്ദ്രം തുടങ്ങിയവയായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.
എങ്കിലും, ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നിർമാണ പ്രവർത്തനങ്ങൾക്കായി ടെൻഡർ നടപടികൾ പോലും പൂർത്തിയായിട്ടില്ല. നിലവിൽ കെഎസ്ആർടിസി ഓഫീസ് ശക്തൻ സ്റ്റാൻഡിലേക്കു മാറ്റിയിരിക്കുകയാണ്.
ഐഒസി പെട്രോൾ പമ്പ് പ്രവർത്തിക്കുന്നതിനാൽ ബസുകൾക്ക് തിരിയാനോ പാർക്ക് ചെയ്യാനോ ആവശ്യമായ സ്ഥലസൗകര്യം ഇവിടെ ലഭ്യമല്ല. പ്രതിദിനം 1200-ലധികം ബസുകൾ സർവീസ് നടത്തുന്ന ഇവിടെ, യാത്രക്കാർ ജീവൻ പണയം വെച്ചാണ് ഗതാഗതത്തിരക്കുള്ള റോഡുകളിലൂടെ സഞ്ചരിക്കുന്നത്.
സ്വകാര്യ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കും രൂക്ഷമാക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ പ്രഹസനമായി പദ്ധതി മാറിയോ എന്ന ആശങ്കയാണ് പൊതുസമൂഹത്തിൽ നിലനിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

