വയനാട് ജില്ലയിലെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയന്ത്രണങ്ങളിൽ ഭാഗികമായി ഇളവ് വരുത്തി ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിറക്കി. ട്രക്കിങ്, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക വിനോദ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനത്തിനാണ് അനുമതി നൽകിയിരിക്കുന്നത്.
എങ്കിലും, ചില പ്രദേശങ്ങളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒൻപത്, 10, 11, 12, 13 വാർഡുകളിലെ ടൂറിസം പ്രവർത്തനങ്ങൾക്കും, അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ എടയ്ക്കൽ ടൂറിസം കേന്ദ്രത്തിനും ഈ ഉത്തരവ് ബാധകമല്ല.
കൂടാതെ, മാനന്തവാടി താലൂക്കിലെ മുനീശ്വരംകുന്ന്, കുറുവ ദ്വീപ് ടൂറിസം കേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ തുടരും. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനത്തിനും യന്ത്രസഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനും നിലവിലുള്ള നിരോധനം തുടരുന്നതാണ്.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51, 55 വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ വ്യക്തമാക്കി. കള്ളാടിയിൽ അതിതീവ്ര മഴ
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കള്ളാടി മേഖലയിൽ ലഭിച്ചത് ശരാശരിയേക്കാൾ ഇരട്ടിയിലധികം മഴയാണ്.
മുണ്ടക്കൈ, മേപ്പാടി മുതൽ ലക്കിടി വരെയുള്ള പ്രദേശങ്ങൾ കാലങ്ങളായി കൂടുതൽ മഴ ലഭിക്കുന്ന മേഖലകളാണ്. സമുദ്രനിരപ്പിൽ നിന്ന് ഉയർന്നു നിൽക്കുന്ന ഭൂപ്രകൃതിയായതിനാൽ മഴമേഘങ്ങളുടെ സാന്നിധ്യം ഇവിടെ കൂടുതലായിരിക്കും.
ഉയർന്ന പ്രദേശങ്ങളിലെ വലിയ പാറക്കെട്ടുകളിൽ പെയ്യുന്ന മഴവെള്ളം കുത്തിയൊലിച്ചെത്തുന്നത് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുന്നു. ഇന്നലെ മീനാക്ഷിയിൽ ഉണ്ടായ മണ്ണിടിച്ചിലിന് പിന്നിലും ഇതേ സാഹചര്യമാണെന്ന് വിലയിരുത്തപ്പെടുന്നു.
2024 ജൂലൈ 30നു മുണ്ടക്കൈ–ചൂരൽമല മേഖലകളിൽ ഉരുൾപൊട്ടലുണ്ടായപ്പോഴും കള്ളാടിയിൽ 200 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

