സംസ്ഥാനത്തെ പ്രമുഖ കന്നുകാലിച്ചന്തകളിലൊന്നായ വാണിയംകുളത്ത് പെരുന്നാളിനോടനുബന്ധിച്ച് വൻ വ്യാപാരം. വ്യാഴാഴ്ച നടന്ന കച്ചവടത്തിലൂടെ കോടിക്കണക്കിന് രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയത്.
പതിവ് ദിവസങ്ങളിൽ പരമാവധി 35 ലോഡ് കന്നുകാലികൾ എത്തുന്ന സ്ഥാനത്ത്, ഇത്തവണ 63 ലോഡുകളാണ് വിപണിയിലെത്തിയത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികളുടെ വരവ് വർധിച്ചത് വിപണിയിൽ ആവശ്യക്കാരുടെ എണ്ണം ഉയരാൻ കാരണമായി.
പെരുന്നാൾ വിപണി ലക്ഷ്യമിട്ട് മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ നിന്ന് വ്യാപാരികളും പൊതുജനങ്ങളും വൻതോതിൽ ചന്തയിലെത്തി. ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കന്നുകാലികളെ പ്രധാനമായും എത്തിച്ചത്.
മുൻവർഷത്തെ പെരുന്നാൾ കാലത്തെ അപേക്ഷിച്ച് മികച്ച കച്ചവടമാണ് ഇത്തവണ അനുഭവപ്പെട്ടത്. ചന്തയുടെ ഭാഗമായി തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഇടച്ചന്തകളും ക്രമീകരിച്ചിട്ടുണ്ട്.
ചന്തയിലെ പ്രധാന ആകർഷണമായി മാറിയത് നെല്ലിക്കുറിശ്ശി സ്വദേശി ഷഫീർ വിൽപനയ്ക്കെത്തിച്ച ഭീമൻ പോത്താണ്. പത്തുലക്ഷം രൂപ വിലമതിക്കുന്ന മുറ ഇനത്തിൽപെട്ട
ഈ പോത്തിനെ മൂന്നുദിവസം മുൻപാണ് മഹാരാഷ്ട്രയിൽ നിന്നും എത്തിച്ചത്. 3000 കിലോയിലധികം ഭാരമുള്ള ഈ പോത്തിന് എട്ടുലക്ഷം രൂപ വരെ കച്ചവടക്കാർ വില പറഞ്ഞെങ്കിലും ഉടമ വിൽക്കാൻ തയ്യാറായില്ല.
ഈ ഭീമൻ പോത്തിനെ കാണാൻ നിരവധി പേരാണ് ചന്തയിൽ തടിച്ചുകൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

