കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കത്ത് പ്രവർത്തിക്കുന്ന കോറോ ഹെൽത്ത് കമ്പനിയിലെ മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ, കൊച്ചിയിൽ നടന്ന ചർച്ച അനിശ്ചിതത്വത്തിലായി.
കമ്പനി അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ കോഴിക്കോട്ടെ ജീവനക്കാർ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച വിഡിയോ കോൾ വഴി നടന്ന ചർച്ചയിൽ, കേരളത്തിലെ പ്രവർത്തനങ്ങൾ ലാഭകരമായിരുന്നുവെന്ന് കമ്പനി അധികൃതർ സമ്മതിച്ചതായി വിവരമുണ്ട്.
തുടർനടപടികളുടെ ഭാഗമായി, വരുന്ന 20-ാം തീയതി നേരിട്ടെത്തി ചർച്ചയിൽ പങ്കെടുക്കണമെന്ന് കമ്പനി പ്രതിനിധികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവനക്കാരെ പിരിച്ചുവിട്ടതിന് തൊട്ടടുത്ത ദിവസം മുതൽ വെള്ളിയാഴ്ച വരെ, വെസ്റ്റ്ഹില്ലിലെ ഓഫിസിലെ ജീവനക്കാരുടെ ഹാജർനില തൊഴിൽ വകുപ്പ് നേരിട്ട് രേഖപ്പെടുത്തിയിരുന്നു.
എന്നാൽ, ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ വരും ദിവസങ്ങളിൽ തൊഴിൽ വകുപ്പ് സ്വീകരിക്കേണ്ട
നടപടികളെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. ശനി, ഞായർ ദിവസങ്ങളിൽ അവധിയായതിനാൽ തിങ്കളാഴ്ചയാണ് അടുത്ത പ്രവൃത്തിദിവസം.
അന്ന് ഹാജർ രേഖപ്പെടുത്തുന്നത് തുടരുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കമ്പനി വീണ്ടും പ്രവർത്തനം തുടങ്ങുമെന്ന കാര്യത്തിൽ ജീവനക്കാർക്ക് വലിയ പ്രതീക്ഷയില്ല.
നിലവിൽ ജോലി നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം നൽകുകയോ, മറ്റ് ഓഫിസുകളിലേക്ക് സ്ഥലംമാറ്റം അനുവദിക്കുകയോ ചെയ്യുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

