സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കന്നുകാലിച്ചന്തകളിലൊന്നായ വാണിയംകുളത്ത് പെരുന്നാൾ പ്രമാണിച്ച് വിപണിയിൽ വൻ തിരക്ക്.
വ്യാഴാഴ്ച നടന്ന കച്ചവടത്തിലൂടെ കോടിക്കണക്കിന് രൂപയുടെ വിനിമയമാണ് രേഖപ്പെടുത്തിയത്. സാധാരണ ദിവസങ്ങളിൽ 35 ലോഡ് കന്നുകാലികൾ എത്തിയിരുന്ന സ്ഥാനത്ത്, ഇത്തവണ 63 ലോഡുകൾ ചന്തയിലെത്തി.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികളുടെ വരവ് വർധിച്ചത് വിപണിയിൽ വലിയ ഉണർവ് പ്രകടമാക്കി. മലപ്പുറം, കോഴിക്കോട്, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്നാണ് കന്നുകാലികളെ തേടി കൂടുതൽ വ്യാപാരികളും ഇടപാടുകാരും എത്തിയത്.
ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കന്നുകാലികൾ പ്രധാനമായും എത്തിയത്. കഴിഞ്ഞ തവണത്തെ പെരുന്നാൾ കാലത്തെ അപേക്ഷിച്ച് മികച്ച കച്ചവടമാണ് ഇത്തവണ അനുഭവപ്പെട്ടത്.
ചന്തയോടനുബന്ധിച്ച് തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഇടച്ചന്തകളും നടക്കുമെന്ന് അധികൃതർ അറിയിച്ചു. ചന്തയിലെ പ്രധാന ആകർഷണമായി മാറിയത് നെല്ലിക്കുറിശ്ശി സ്വദേശിയായ ഷഫീർ വിൽപനയ്ക്കെത്തിച്ച ഭീമൻ പോത്താണ്.
10 ലക്ഷം രൂപ വിലമതിക്കുന്ന ഈ പോത്തിനെ മഹാരാഷ്ട്രയിൽ നിന്ന് മൂന്ന് ദിവസം മുൻപാണ് വാണിയംകുളത്ത് എത്തിച്ചത്. മുറ ഇനത്തിൽപ്പെട്ട
ഈ പോത്തിന് 8 ലക്ഷം രൂപ വരെ കച്ചവടക്കാർ വില പറഞ്ഞെങ്കിലും ഉടമ വിൽക്കാൻ തയ്യാറായില്ല. 3000 കിലോയിലധികം തൂക്കമുള്ള പോത്തിനെ കാണാനായി വലിയ ജനക്കൂട്ടമാണ് ചന്തയിൽ തടിച്ചുകൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

