കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച വിദ്യാർഥികൾ മന്ത്രി ടി. സിദ്ദീഖിന് വിഡിയോ കോളിലൂടെ ആദരവറിയിച്ചു.
ദുരന്തത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങൾക്ക് താങ്ങും തണലുമായി നിന്ന വ്യക്തി ഉന്നത പദവിയിൽ എത്തിയതിലുള്ള സന്തോഷം വിദ്യാർഥികൾ പങ്കുവെച്ചു. ‘ആരുമില്ലാത്തപ്പോൾ താങ്ങും തണലുമായി കൂടെനിന്ന പ്രിയപ്പെട്ടവർ ഉയരങ്ങളിലെത്തുമ്പോൾ അത് ഞങ്ങളുടെ കൂടി വിജയമാണ്.
ടൗൺഷിപ് ഉദ്ഘാടനവേളയിലെ കൂവൽ ഞങ്ങളുടെ കണ്ണുനിറച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ മന്ത്രിക്കസേരയിൽ അങ്ങയെ കാണുമ്പോൾ മനസ്സ് നിറയുകയാണ്’ എന്ന് വിദ്യാർഥികൾ വിഡിയോ കോളിലൂടെ വ്യക്തമാക്കി.
രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി വിദ്യാർഥികളാണ് മന്ത്രിക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട
വിദ്യാർഥികളെ ചേർത്തുനിർത്തിയ പ്രവർത്തനങ്ങളെ മന്ത്രി അനുസ്മരിച്ചു. അതിജീവനത്തിന്റെ പാതയിൽ ഈ കുട്ടികൾ കാണിക്കുന്ന ഇച്ഛാശക്തി സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തബാധിതരായ 152 വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസം മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ‘എംഎൽഎ കെയർ’ പദ്ധതിക്ക് രൂപം നൽകിയിരുന്നു. വിവിധ ബിസിനസ് ഗ്രൂപ്പുകളുടെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഇവരുടെ പഠനച്ചെലവ് പൂർണമായും കണ്ടെത്തിയത്.
ഇതിലൂടെ മെഡിക്കൽ, എൻജിനീയറിങ്, ഏവിയേഷൻ തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് തടസ്സമില്ലാതെ പഠനം പൂർത്തിയാക്കാൻ സാധിച്ചു. പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്നും, നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോഴ്സ് പൂർത്തിയാകുന്ന മുറയ്ക്ക് തൊഴിൽ ഉറപ്പാക്കുമെന്നും മന്ത്രി ടി.
സിദ്ദീഖ് ഉറപ്പുനൽകി. ജില്ലയിൽ നിലവിൽ 351 വിദ്യാർഥികൾ ‘എംഎൽഎ കെയർ’ പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഈ പദ്ധതിയിലൂടെ 21 പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

