പുനർനിർമാണത്തിനായി പൊളിച്ചിട്ട തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമാണ പ്രവർത്തനങ്ങൾ മാസങ്ങളായി സ്തംഭനാവസ്ഥയിൽ.
പദ്ധതിക്കായി മാർച്ച് 7-ന് തറക്കല്ലിടൽ കർമ്മം നിർവഹിച്ചെങ്കിലും തുടർനടപടികൾ എങ്ങുമെത്തിയിട്ടില്ല. അന്ന് ഗതാഗത വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന കെ.ബി.ഗണേഷ്കുമാറായിരുന്നു നിർമാണോദ്ഘാടനം നിർവഹിച്ചത്.
സ്റ്റാൻഡ് പൊളിച്ചതോടെ യാത്രക്കാരും ബസ് ജീവനക്കാരും കടുത്ത ദുരിതത്തിലായിരിക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ബസ് ടെർമിനൽ ആയിരുന്നു പദ്ധതിയുടെ ലക്ഷ്യം.
പി.ബാലചന്ദ്രൻ എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് 7 കോടി രൂപ, നവകേരള സദസ്സ് ഫണ്ടിൽ നിന്ന് 5 കോടി രൂപ, ആസ്തി വികസന ഫണ്ടിൽ നിന്ന് 2.5 കോടി രൂപ ഉൾപ്പെടെ ആകെ 20 കോടി രൂപ ചെലവഴിച്ചുള്ള നിർമാണമാണ് വിഭാവനം ചെയ്തിരുന്നത്. തൃശൂരിന്റെ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന മൂന്നുനില കെട്ടിടം, 24 ബസുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യം, റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ആകാശപ്പാത, കന്റീൻ, ശുചിമുറി സമുച്ചയം, വെയിറ്റിങ് ഏരിയ, മുലയൂട്ടൽ കേന്ദ്രം എന്നിവയായിരുന്നു പ്രധാന വാഗ്ദാനങ്ങൾ.
എന്നാൽ, ഉദ്ഘാടനത്തിന് ശേഷം പൊളിക്കൽ ജോലികൾ മാത്രമാണ് പൂർത്തിയായത്. നിർമാണ ജോലികൾക്കായി ഇതുവരെ ടെൻഡർ നടപടികൾ പോലും പൂർത്തിയായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
കെഎസ്ആർടിസി ഓഫിസ് ഇപ്പോൾ ശക്തൻ സ്റ്റാൻഡിലേക്കാണ് മാറ്റിയിരിക്കുന്നത്. ഐഒസി പെട്രോൾ പമ്പിന്റെ സാന്നിധ്യം ബസുകളുടെ സുഗമമായ ഗതാഗതത്തെയും പാർക്കിങ്ങിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പ്രതിദിനം 1,200-ലധികം ബസുകൾ വന്നുപോകുന്ന ഈ സ്റ്റാൻഡിൽ, യാത്രക്കാർ ജീവൻ പണയം വെച്ചാണ് പ്രവേശിക്കുന്നത്. തിരക്കേറിയ റോഡിൽ ചെറുവാഹനങ്ങൾ അനിയന്ത്രിതമായി പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സവും തിക്കും തിരക്കും വർധിപ്പിക്കുന്നു.
അധികൃതരുടെ അനാസ്ഥയിൽ വലയുകയാണ് തൃശൂരിലെ യാത്രാ സമൂഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

