ആമ്പല്ലൂർ മേഖലയിലെ ദേശീയപാതയിൽ നടക്കുന്ന അശാസ്ത്രീയമായ അടിപ്പാത നിർമാണം നെന്മണിക്കര ഗ്രാമത്തെ വലിയ വെള്ളപ്പൊക്ക ഭീഷണിയിലാക്കുമെന്ന് ആശങ്ക. കേളിത്തോട് മുതൽ മണലിപ്പുഴ വരെയുള്ള പ്രദേശങ്ങളിൽ മഴവെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ ഡ്രെയ്നേജ് സംവിധാനം നിർമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
ദേശീയപാതയിൽ അടിപ്പാതയുള്ള ഭാഗങ്ങളിൽ പടിഞ്ഞാറോട്ട് ഒഴുകിയെത്തുന്ന മഴവെള്ളം പൂർണ്ണമായും നെന്മണിക്കര പ്രദേശത്തേക്കാണ് എത്തുന്നത്. ഈ വെള്ളം സുഗമമായി ഒഴുക്കിവിടാനുള്ള സംവിധാനങ്ങൾ നിലവിലില്ലാത്തത് പ്രദേശവാസികളിൽ വലിയ ആശങ്ക ഉയർത്തുന്നുണ്ട്.
നിർമാണം ഇതേ രീതിയിൽ തുടർന്നാൽ നെന്മണിക്കരയിലേക്കുള്ള മൂന്ന് പ്രധാന റോഡുകളുടെയും പ്രവേശനഭാഗങ്ങളിൽ വെള്ളക്കെട്ടും ചെളിയും നിറയുന്ന സാഹചര്യം ഉടലെടുക്കും. ഇതുമൂലം അഞ്ഞൂറിലധികം വീടുകൾ, വിവിധ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള ഗതാഗതം തടസ്സപ്പെടുകയോ അപകടാവസ്ഥയിലാവുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകുന്നു.
ഈ ദുരവസ്ഥ ഒഴിവാക്കാൻ ദേശീയപാത മറികടന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കിവിടാൻ ശാസ്ത്രീയമായ ഡ്രെയ്നേജ് സംവിധാനം ഒരുക്കണമെന്നാണ് നെന്മണിക്കര പഞ്ചായത്തിന്റെ ആവശ്യം. പഞ്ചായത്തിന്റെ ഔദ്യോഗിക പരാതിയെത്തുടർന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ആമ്പല്ലൂരിലെത്തി സ്ഥലപരിശോധന നടത്തി.
മഴക്കാലത്തിന് മുൻപായി അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്നും അധികൃതരോട് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ വേളയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, അംഗം വി.ആർ.സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

