മുംബൈ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നിലവിലെ അവസ്ഥ അത്യന്തം ആശങ്കാജനകവും പരിതാപകരവുമാണെന്ന് മുൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ടെസ്റ്റ് ടീമിന്റെ തകർച്ചയിൽ നിരാശയും മുന്നറിയിപ്പും വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയത്.
സ്വന്തം നാട്ടിൽ പോലും വൻതോൽവികൾ ഏറ്റുവാങ്ങുന്ന അവസ്ഥയിലാണ് ഇന്ത്യയിപ്പോൾ. സ്പിന്നർമാർക്ക് മുന്നിൽ പതറുന്ന ബാറ്റർമാരും ശൗര്യം നഷ്ടപ്പെട്ട
ബൗളർമാരുമാണ് റെഡ് ബോൾ ക്രിക്കറ്റിലെ ഇന്നത്തെ കാഴ്ച. രോഹിത് ശർമ, വിരാട് കോലി, ആർ.
അശ്വിൻ തുടങ്ങിയ സീനിയർ താരങ്ങൾ വെറും ആറുമാസത്തിനിടെ വിരമിച്ചത് ടീമിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും രഹാനെ ചൂണ്ടിക്കാട്ടി. ഏഴോ എട്ടോ സീനിയർ താരങ്ങളും രണ്ടോ മൂന്നോ യുവതാരങ്ങളും അടങ്ങുന്നതാവണം ശരിയായ ടെസ്റ്റ് ടീം.
എന്നാലിപ്പോൾ ടീമിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. രവീന്ദ്ര ജഡേജ, കെ.എൽ.
രാഹുൽ, ജസ്പ്രീത് ബുംറ എന്നിവരൊഴികെ മറ്റ് ആരും 50 ടെസ്റ്റ് മത്സരങ്ങൾ പോലും പൂർത്തിയാക്കിയിട്ടില്ല. റെഡ് ബോൾ ക്രിക്കറ്റിൽ അതിജീവിക്കണമെങ്കിൽ നിശ്ചയദാർഢ്യവും ശക്തമായ മനക്കരുത്തും വേണം.
എന്നാൽ നിലവിലെ യുവതാരങ്ങൾ ഇക്കാര്യത്തിൽ ഏറെ പിന്നിലാണെന്നും അജിങ്ക്യ രഹാനെ പറഞ്ഞു. ഗൗതം ഗംഭീർ പരിശീലകനായ ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ മികച്ച നേട്ടങ്ങൾ കൊയ്തെങ്കിലും റെഡ് ബോൾ ക്രിക്കറ്റിൽ തുടർച്ചയായ തിരിച്ചടികളാണ് നേരിടുന്നത്.
ഉടൻ ആരംഭിക്കാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി രഹാനെ നടത്തുന്ന ഈ നിരീക്ഷണങ്ങൾ ടീം മാനേജ്മെന്റിനുള്ള വ്യക്തമായ മുന്നറിയിപ്പ് കൂടിയാണ്. ഇന്ത്യക്കായി 85 ടെസ്റ്റുകളിൽ പാഡണിഞ്ഞ രഹാനെ 12 സെഞ്ചുറിയും 26 അർധസെഞ്ചുറിയുമടക്കം 5,077 റൺസ് നേടിയിട്ടുണ്ട്.
ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയിച്ചപ്പോൾ ടീമിനെ വിജയത്തിലേക്ക് നയിച്ചതും രഹാനെയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

